photo
കരുനാഗപ്പള്ളി നഗരസഭ ഫിഷറീസ് ഹൈസ്കൂളിൽ തയ്യാറാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിന്റെ ഹോസ്റ്റലിലാണ് സെന്റർ പ്രവർത്തിക്കുന്നത്. ഒന്നര മീറ്റർ അകലം പാലിച്ച് 123 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് കിടക്കകൾ 250 ആയി ഉയർത്തുമെന്ന് നഗരസഭാ ചെയർപേഴ്സൺ എം. സീനത്ത് ബഷീർ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ നിന്നെത്തുന്ന 4 ഡോക്ടർമാരും 5 സ്റ്റാഫ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് സെന്ററിലുണ്ടാകുക. 10 ദിവസമാണ് ഇവരുടെ ഡ്യൂട്ടി. ഇത് കഴിയുമ്പോൾ ഈ സംഘം ക്വാറന്റൈനിൽ പ്രവേശിക്കും. അപ്പാേൾ മറ്റൊരു മെഡിക്കൽ ടീം സെന്ററിൽ എത്തിച്ചേരും. മെഡിക്കൽ ടീമിനും രോഗികൾക്കുമുള്ള ഭക്ഷണം കുടുംബശ്രീ യൂണിറ്റ് വഴിയാണ് നൽകുന്നത്. ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിലും കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ ഇതര പഞ്ചായത്തുകളിലും കൊവിഡ് സാമൂഹ്യ വ്യാപനം ഏറി വരുന്ന സാഹചര്യത്തിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എം. സീനത്ത് ബഷീർ, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, എം. മഞ്ജു, സുബൈദാ കുഞ്ഞുമോൻ, സുരേഷ് പനക്കുളങ്ങര, ഡെപ്യൂട്ടി തഹസിൽദാർ പത്മസാഗർ, നഗരസഭാ സെക്രട്ടറി ഫൈസൽ, ആർ.എം.ഒ ഡോ. അനൂപ് കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.