yoga

മനുഷ്യർക്ക് മാത്രമേ യോഗ ചെയ്യാവൂ എന്നുണ്ടോ, നിത്യാഭ്യാസിയാണെങ്കിൽ ആനയ്ക്കും യോഗയൊക്കെ ആവാം. യോഗ ചെയ്യുന്ന ആനയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ഓഹിയോയിലെ കൊളംബസ് സൂവിലാണ് ഈ അഭ്യാസിയായ ആന ഉള്ളത്. മൃഗശാല അധികൃതർ ആനയുടെ അഭ്യാസം ഫേസ് ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. 'ഞങ്ങളുടെ ആന യോഗ' എന്ന തലക്കെട്ടോടെയാണ് അധികൃതർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൃഗശാലയിലെ കോന്നീ, ഹാങ്ക് എന്നീ ആനകൾ സ്ഥിരമായി വ്യായാമം ചെയ്യാറുണ്ടെന്നും ഇവർ പറയുന്നു. മൃഗശാലയിലെ ഏറ്റവും പ്രായം കൂടിയ ആനയാണ് കോന്നീ. 45 വയസ്സുണ്ട് ഇതിന്. ദിവസേനയുള്ള വ്യായാമത്തിലൂടെ കോന്നീയുടെ പേശികൾക്ക് ബലം ലഭിക്കും. ഇതാണ് ഈ വയസ്സു കാലത്തും കോന്നി ചെറുപ്പക്കാരായ ആനകളെ പോലെ ഇരിക്കുന്നതിന്റെ രഹസ്യം.രണ്ടാമനായ ഹാങ്ക് ആണ് കൂട്ടത്തിൽ ഏറ്റവും വലിയവൻ. 15,000 പൗണ്ടാണ് ഹാങ്കിന്റെ തൂക്കം. അതിനാൽ തന്നെ വ്യായാമത്തിലൂടെ ആരോഗ്യവാനായി ഇരിക്കേണ്ടത് ഹാങ്കിന്റെ കൂടി ആവശ്യമാണ്. പരിശീലകയുടെ നിർദേശങ്ങൾക്കനുസരിച്ച് അനുസരണയോടെ വ്യായാമം ചെയ്യുന്ന ആനകളെ എല്ലാവർക്കും നന്നായി ബോധിച്ചു. ആനയുടെ വ്യായാമം കണ്ട് പ്രചോദനം ഉൾക്കൊണ്ടവരും ഉണ്ടത്രേ.