കരുനാഗപ്പള്ളി: കൊവിഡ് 19 സാമൂഹ്യ വ്യാപനം വർദ്ധിക്കുന്നതിനാൽ കരുനാഗപ്പള്ളി നഗരസഭയുടെ 11 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. 1, 20, 21, 22, 23, 24, 25, 30, 33, 34, 35 എന്നീ ഡിവിഷനുകളാണ് കണ്ടെയ്മെന്റ് സോണിന്റെ പരിധയിൽ വരുന്നത്. കൊവിഡ് രോഗികൾ എറെയുള്ള ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ ഇന്നലെ 168 പേരുടെ സ്വാബ് പരിശോധിച്ചപ്പോൾ 2 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 53 ആയി ഉയർന്നു. തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ രോഗികളുടെ എണ്ണം 19 ആയി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ ഇന്നലെ 4 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ പുതിയ രോഗികൾ ഇല്ല.

കടുത്ത നിയന്ത്രണങ്ങൾ

കണ്ടെയ്ൻമെന്റ് സോണിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് പൂർണമായും നിരോധിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഇവിടെയും തിരക്ക് ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.