mercykutty
മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ കൊല്ലം കളക്ടറേറ്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ നിന്നും. ജില്ലാ കളക്ടർ ബി.അബ്ദുൽനാസർ സമീപം

കൊല്ലം: കൊവിഡിനെ പിടിച്ചുകെട്ടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കി വരുന്നതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രോഗവ്യാപനം ഒഴിവാക്കാൻ കരുതൽ വേണം. ഒരാഴ്ചകൂടി രോഗവ്യാപന നിരക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ. കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും ചികിത്സാ കേന്ദ്രങ്ങളിൽ നിയമിക്കാൻ നടപടിയായി. ആയുഷ്‌ ഹോമിയോ വിഭാഗങ്ങളിൽ നിന്ന് മാത്രമായി 370 ഡോക്ടർമാരെ നിയമിക്കും.

രോഗവ്യാപനം തടയുന്നതിന് മാതൃകാപരമായ സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചത്.
10 വീടുകൾ വീതം ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ തീരദേശത്തും രോഗവ്യാപന സാദ്ധ്യതയുള്ളിടങ്ങളിലും രൂപീകരിച്ച് കഴിഞ്ഞു. കൂടാതെ 10 വീതം വ്യാപാരികളെയും ചരക്ക് ഇറക്ക് തൊഴിലാളികളെയും പ്രത്യേകം ക്ലസ്റ്ററുകളാക്കിയിട്ടുണ്ട്.

ചരക്കുമായി വരുന്ന വാഹനങ്ങൾ അണുനശീകരണം നടത്താനും നടപടിയായിട്ടുണ്ട്. ചിന്നക്കട പുള്ളിക്കട കോളനി കേന്ദ്രീകരിച്ച് ജനമൈത്രി പൊലീസ്, എൻ.എസ്.എസ് വോളണ്ടിയേഴ്‌സ്, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ക്ലസ്റ്റർ രൂപീകരിക്കും. ഇത്തരം ക്ലസ്റ്ററുകൾ വഴിയുള്ള പ്രവർത്തനം രോഗവ്യാപനം പ്രതിരോധിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവൻ രക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. തൊഴിൽ ലഭ്യമാക്കുന്നത് രണ്ടാമതായാണ് പരിഗണിക്കുക. ഇവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന കാര്യം സർക്കാർ പരിഗണിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.