തഴവ: ശക്തമായ നിയന്ത്രണം നിലനിൽക്കുമ്പോഴും കുലശേഖരപുരത്ത് രോഗവ്യാപനത്തിന് ശമനമില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പഞ്ചായത്തിലെ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
അതീവ ജാഗ്രത പുലർത്തുന്ന കടത്തൂർ, മണ്ണടിശ്ശേരി വാർഡുകളിലാണ് കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത്. വ്യാഴാഴ്ച കടത്തൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ, ഇദ്ദേഹത്തിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരുൾപ്പടെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരുകയാണ്.
കൊവിഡ് ബാധിച്ച് മരിച്ച മണ്ണടിശേരി വാർഡിലെ വീട്ടമ്മയുടെ കുടുംബത്തിലെ അഞ്ച് പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
ഇവരുമായി സമ്പർക്കമുണ്ടായിരുന്ന ഒരു കുടുംബത്തിലെ രണ്ട് പേർക്കും 21-ാം വാർഡ് സ്വദേശിനിയായ വീട്ടമ്മ ഉൾപ്പടെ മൂന്ന് പേർക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കുലശേഖരപുരത്ത് ഇതിനകം അഞ്ച് തവണയാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ ഉച്ചഭാഷിണി ഉപയോഗിച്ച് ജാഗ്രതാ നിർദ്ദേശം നൽകിയത്.