01-palam
കോവിൽത്തോട്ടം പാലം

ചവറ: കുട്ടികളും കുടുംബവുമായി മത്സ്യത്തൊഴിലാളികൾ തലമുറകളായി താമസിച്ചിരുന്ന കോവിൽ തോട്ടം എന്ന ഗ്രാമം പെട്ടെന്നൊരുദിവസം ഇല്ലാതായി. കരിമണൽ ഖനനത്തിനായി പൊതുമേഖലാ സ്ഥാപനമായ കെ.എം.എം. എൽ ആ കുടുംബങ്ങളെയെല്ലാം അവിടെ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. ഖനനം പൂർത്തിയാക്കി മൂന്ന് വർഷത്തിനുള്ളിൽ ഭൂമി തിരിച്ചുനൽകാമെന്ന ഉറപ്പിലാണ് കോവിൽത്തോട്ടം നിവാസികളെ കെ.എം.എം.എൽ ഒഴിപ്പിച്ചത്. എന്നാൽ ഖനനം നിറുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഏറ്റെടുത്ത ഭൂമി മാത്രമല്ല, വാഗ്ദാനം ചെയ്ത ജോലി പോലും കോവിൽത്തോട്ടം നിവാസികൾക്ക് ലഭിച്ചില്ല. ടി.എസ് കനാലിനും അറബിക്കടലിനും ഇടയിലുള്ള കോവിൽത്തോട്ടം തീരത്ത് ഏകദേശം നാനൂറോളം കുടുംബങ്ങൾ താമസമുണ്ടായിരുന്നു. പക്ഷേ ഇന്നിവിടെ അവശേഷിക്കുന്നത് സെന്റ് ആൻഡ്രൂസ് പള്ളിയും സെന്റ് ലിഗോരിയസ്‌ സ്കൂളും ഖനനം നടത്തിയ വലിയ ഗർത്തങ്ങളും മാത്രമാണ്.

പാലിക്കാത്ത വാഗ്ദാനങ്ങൾ

കുടുംബത്തിലെ ഒരാൾക്ക് ഖനന മേഖലയിൽ ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് വർഷങ്ങൾക്ക് മുൻപ് കോവിൽതോട്ടം പാക്കേജ് എന്ന പേരിൽ കെ.എം.എം.എൽ സ്ഥലമേറ്റെടുത്തത്. ഭൂമി കൈമാറിയ കോവിൽത്തോട്ടം നിവാസികൾ വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കുമൊക്കെ താമസം മാറി. ഖനനം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയായെങ്കിലും കെ.എം.എം.എൽ നൽകിയ ഉറപ്പിൽ ഒന്നുപോലും പാലിക്കപ്പെട്ടില്ല.
സെന്റ് ആൻഡ്രൂസ് ദേവാലയത്തിന്റെ വടക്കും തെക്കുമായി നടത്തിയ ഖനനത്തിന്റെ ഗർത്തം മണ്ണിട്ട് നികത്തുകയോ കോവിൽത്തോട്ടംകാർക്ക് ഭൂമി തിരിച്ചുനൽകുകയോ ചെയ്തില്ല. അതിജീവനത്തിനും അവകാശത്തിനും വേണ്ടി കോവിൽതോട്ടം നിവാസികളായിരുന്നവർ നടത്താത്ത സമരങ്ങളില്ല. പക്ഷേ നടപടികളൊന്നും ഉണ്ടായില്ലെന്ന് മാത്രം.

നിലംപതിക്കാറായ പാലം

അഞ്ചുപേരിൽ കൂടുതൽ ഒന്നിച്ച് കയറിയാൽ ചിലപ്പോൾ പാലം നിലം പതിക്കും. കോവിൽതോട്ടം പാലം അത്രയ്ക്ക് തകർന്ന് അപകടാവസ്ഥയിലായിട്ട് വർഷങ്ങളേറെയായി. കോവിൽത്തോട്ടം, ഐ.ആർ.ഇ.132, കരിത്തുറ, നിവാസികൾക്കും പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലേക്കും, കെ.എം.എം.എൽ.എം.എസ്.യൂണിറ്റിലേക്കും കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലേക്കും സെന്റ് ലിഗോരിയസ്‌ സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും ഏക ആശ്രയം ഈ കോവിൽത്തോട്ടം പാലംമാണ്. 2014 ൽ കൊല്ലം രൂപത അദ്ധ്യക്ഷൻ സ്റ്റാൻലി റോമൻ പിതാവ് സ്കൂൾ പൊളിച്ച് പാലം നിർമിക്കാൻ അനുമതി നൽകിയിരുന്നു. അതിനെത്തുടർന്ന് കെ.എം.എം.എൽ. കമ്പനിയും ഇൻലാൻഡ് വാട്ടർ അതോറിട്ടിയും ചേർന്ന് ടെൻഡർ വിളിക്കുകയും അബ്ദുൽ കലാം എന്നയാൾക്ക്‌ ടെൻഡർ നൽകുകയും ചെയ്തിരുന്നു. എന്നാൽ കമ്പനി കരിമണൽ ഖനനം ചെയ്ത ഗർത്തം മണ്ണിട്ട് നികത്തുകയും നാനൂറോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്താൽ മാത്രമേ പാലം നിർമ്മിക്കാൻ അനുവദിക്കുകയുള്ളു എന്നാണ് കോവിൽതോട്ടത്ത് താമസിച്ചിരുന്നവർ പറയുന്നത്.

തീരസംരക്ഷണനിയമങ്ങൾ ഒന്നും പാലിക്കാതെയാണ് ഖനനം നടത്തിയിരിക്കുന്നത്.