കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നലെ തലസ്ഥാനത്തിന് പിന്നിലായി കൊല്ലം രണ്ടാം സ്ഥാനത്ത് !. തിരുവനന്തപുരത്തിന് സമാനമായ സ്ഥിതിയിലേയ്ക്കാണ് കൊല്ലത്തും കാര്യങ്ങൾ നീങ്ങുന്നത്.
ജില്ലയിൽ കൊല്ലം കോർപ്പറേഷനൊഴികെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളും പൂർണമായി അടയ്ക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എന്നാൽ ജില്ല പൂർണമായി അടയ്ക്കുന്നതിനോട് സർക്കാരിന് താത്പര്യമില്ല. വീണ്ടുമൊരു അടച്ചിടൽ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നതാണ് കാരണം.
ജൂൺ 23 മുതലാണ് ജില്ലയിൽ രോഗികളുടെ വർദ്ധനവ് ഉണ്ടായത്. ഓരോ ദിനം പിന്നിടുമ്പോഴും എണ്ണവും പെരുകി. ജൂലായ് പകുതിയായപ്പോഴേയ്ക്കും 100 കടന്നു. പേടിപ്പെടുത്തും വിധമാണ് രോഗവർദ്ധനവ്. കൊവിഡ് പരിശോധനയും ആന്റിജൻ ടെസ്‌റ്റിന്റെ ഫലവും ഒരുമിച്ച് വന്നാൽ രോഗികളുടെ എണ്ണം ഇതിലും കൂടുമെന്നാണ് സൂചന.
രോഗവ്യാപനം അതി തീവ്രമായതിനാൽ 370 ഡോക്ടർമാരെ കൂടി ജില്ലയിൽ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പകുതിയിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണിലാണ്.
''
രോഗികളുടെ എണ്ണം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും. ജനങ്ങൾ സഹകരിക്കണം. ലംഘിക്കുന്നവർക്കെതിരെ കൂടുതൽ നടപടികളുണ്ടാവും.
ബി. അബ്ദുൾ നാസർ, ജില്ലാകളക്ടർ
''
സർക്കാർ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണം. സഹായം എത്തിക്കും. എല്ലാവരുടെയും സഹകരണമാണ് വിജയത്തിന് വേണ്ടത്.
ജെ. മേഴ്‌സിക്കുട്ടിഅമ്മ, മന്ത്രി