ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സമ്പർക്കത്തിലൂടെ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ശാസ്താംകോട്ട പഞ്ചായത്തിലെ രണ്ട് പേർക്കും ശൂരനാട് തെക്ക് പഞ്ചായത്തിലെ ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നേരത്തേ രോഗം സ്ഥിരീകരിച്ച പതാരം സ്വദേശിയായ മത്സ്യ വ്യാപാരിയുടെ അയൽവാസിയായ യുവാവിനാണ് (20) ശൂരനാട് തെക്ക് രോഗം സ്ഥിരീകരിച്ചത്. ശാസ്താംകോട്ടയിലെ ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയിൽ നിന്ന് രോഗം പകർന്ന വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശികളായ അച്ഛനും ( 62 ) മകൾക്കും (24) രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുന്നത്തൂർ താലൂക്കിൽ സമ്പർക്കത്തിലൂടെയുള്ള രോഗികൾ അമ്പത് കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ശാസ്താംകോട്ട പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതും അതിലൊരാൾ പലചരക്ക് വ്യാപാരിയായതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് കമ്യൂണിറ്റി സെന്ററുകളിലും കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യമുണ്ട്.