ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിൽ മീനാട് വില്ലേജിൽ നിർദ്ധനയായ യുവതിയുടെ വീട് കത്തിനശിച്ചു. വരിഞ്ഞം വാരിയഞ്ചിറ ചരുവിളവീട്ടിൽ പരേതനായ മാനുവൽ തങ്കച്ചന്റെ ഭാര്യ രഞ്ചിയും ആറും രണ്ടും വയസുള്ള കുഞ്ഞുങ്ങളും വയോധികയായ മാതാവും അടങ്ങിയ കുടുംബമായിരുന്നു ഇവിടെ താമസിച്ചുവന്നത്. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവും. വീട്ടിൽ കത്തിച്ചുവച്ചിരുന്ന നിലവിളക്കിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. വീട്ടുസാധനങ്ങളും രേഖകളും പൂർണമായി കത്തിനശിച്ചു.
രഞ്ചിയുടെ ഭർത്താവ് മാനുവൽ തങ്കച്ചൻ അഞ്ച് മാസങ്ങൾക്ക് മുൻപാണ് മരണമടഞ്ഞത്. കശുഅണ്ടി തൊഴിലാളിയായ രഞ്ചിക്ക് നിലവിൽ ജോലിയില്ലാത്തിനാൽ സമീപവാസികളുടെ സഹായത്തോടെയാണ് ഈ കുടുംബം ജീവിക്കുന്നത്. ഉള്ള കിടപ്പാടം കൂടി നഷ്ട്ടപെട്ടതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവർ.