train
വീടിന് മുന്നിൽ ട്രയിൻ രൂപത്തിൽ സ്വന്തമായി നിർമ്മിച്ച മതിലിന് സമീപം അഭിലാഷ്.

പത്തനാപുരം: കൊല്ലം ചന്ദനത്തോപ്പിലെ ഗവ. ഐ ടിഐയിൽ പഠിക്കുന്ന കാലം മുതൽ അഭിലാഷിന്റെ യാത്ര ട്രെയിനിലാണ്. .അന്നുതൊട്ടേ ട്രെയിനിനോട് ഒരു ആത്മബന്ധമാണ് പിറവന്തൂർ വാഴത്തോപ്പ് പുത്തൻ കട ശിവദാസ് വിലാസത്തിൽ അഭിലാഷിന്. പഠനശേഷം കൊല്ലത്ത് മീറ്റർ കമ്പനിയിൽ ട്രെയിനിയായി പോയ കാലത്തും ട്രെയിനിൽ തന്നെയായിരുന്നു യാത്ര. പിന്നീട് കരാർ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ മേഖലയിലേക്ക് തിരിഞ്ഞു. അങ്ങനെയിരിക്കെ ട്രെയിനുകളോടുള്ള ഇഷ്ടം പ്രദർശിപ്പിക്കാൻ അവസരം കിട്ടിയ അഭിലാഷ് തന്റെ വീടിന്റെ മതിൽ തന്നെ ട്രെയിനിന്റെ രൂപത്തിലാക്കി. മതിലിന് പുറത്തുകൂടെ പോകുന്നവർക്ക് യഥാർത്ഥ ട്രെയിനിന്റെ ബോഗിയാണിതെന്നേ തോന്നൂ.കാഴ്ച്ചക്കാരിലും ഈ നിർമ്മിതി ഏറെ കൗതുകം സൃഷ്ടിക്കുന്നുണ്ട്.

ഇവിടം കൊണ്ടോന്നും അഭിലാഷിന്റെ കൗതകസൃഷ്ടി അവസാനിച്ചില്ല.വീടിന്റെ കിണറിന്റെ ചുറ്റുമതിൽ ട്രാക്ടറിന്റെ വലിപ്പമേറിയ ടയറിന്റെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കലാസൃഷ്ടികൾ കണ്ട് നിരവധി പേരാണ് വീട് നിർമ്മാണത്തിനും മറ്റ് കരകൗശല സൃഷ്ടിക്കുമായി അഭിലാഷിനെ തേടിയെത്തുന്നത് .ട്രെയിനിനോടുള്ള കമ്പം മൂത്ത അഭിലാഷ് ആവിയിൽ പ്രവർത്തിക്കുന്ന ട്രെയിനും മെട്രോ ഉൾപ്പെടെ ആധുനിക രീതിയിലുള്ള ട്രയിൻ എൻജിൻ ഉൾപ്പടെ മതിൽ രൂപത്തിൽ വീടുകളിലും പാർക്കുകളിലും നിർമ്മിക്കാനുള്ള തീരുമാനത്തിലാണ്. ചന്ദനതോപ്പ് ഗവ.ഐടിഐയിൽ 2000 ബാച്ച് വെൽഡിംഗ് ട്രേഡ് വിദ്യാർത്ഥിയായിരുന്ന അഭിലാഷ് ട്രെയിനോടുള്ള മോഹം കൊണ്ട് റയിൽവേ ജോലിക്കായി പരീക്ഷകളും എഴുതിയിട്ടുണ്ട്. ഭാര്യ മഞ്ജുവും മക്കളായ ഗിരി,മയൂഖ എന്നിവരും അമ്മയും സഹപാഠികളും അഭിലാഷിന്റെ സൃഷ്ടികൾക്ക് പിന്തുണയായുണ്ട്.