പത്തനാപുരം:പത്തനാപുരത്തും തലവൂരിലും വ്യാപാരികൾക്ക് കൊവിഡ്. പത്തനാപുരം നെടുംപറമ്പ് ജംഗ്ഷന് സമീപം ഗോൾഡ് കവറിംഗ് സ്ഥാപനം നടത്തുന്ന ചെങ്ങന്നൂർ സ്ഥിരതാമസമാക്കിയ രണ്ട് തമിഴ്നാട് സ്വദേശികൾക്കും തലവൂർ രണ്ടാലുംമൂട്ടിൽ സ്റ്റേഷനറി വ്യാപാരം നടത്തുന്നയാൾക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.പത്തനാപുരത്തെ വ്യാപാരികളുടെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതേ തുടർന്നാണ് ഇവരുടെ സ്രവം പരിശോധിച്ചത്.കഴിഞ്ഞ ആഴ്ച്ച കടയുടെ പരസ്യനോട്ടീസുമായി ഇവർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം എത്തിയിരുന്നു .ഇവരുടെ സമ്പർക്കപ്പട്ടിക ഇതോടെ വിപുലമാകാനാണ് സാദ്ധ്യത. 17ാം തീയതി മുതൽ ഈ സ്ഥാപനവുമായി സഹകരിച്ചവർ നിരീക്ഷണത്തിൽ പോകണമെന്ന് പഞ്ചായത്ത്, പൊലീസ്, ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.

തലവൂർ രണ്ടാലുംമൂട്ടിൽ സ്റ്റേഷനറി വ്യാപാരം നടത്തുന്ന അലക്കുഴി സ്വദേശിയായ മധ്യവയസ്കനും കൊവിഡ് സ്ഥിരീകരിച്ചു.നേരത്തെ കൊവിഡ് സ്ഥിരീകരിച്ച അലക്കുഴി സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ ഇയാളുണ്ടായിരുന്നു.അന്ന് സ്രവപരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നു.കഴിഞ്ഞ ആഴ്ച്ച ഇയാളുടെ മാതാവിന്റെ മരണാനന്തര ചടങ്ങിൽ കണ്ടെയ്ൻമെന്റ് സോണായ തലച്ചിറയിൽ നിന്നും ബന്ധുക്കളെത്തിയിരുന്നു.ഇതേ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇയാളുടെ സ്രവം വീണ്ടും പരിശോധിച്ചതോടെ ഇന്നലെ ഫലം പോസിറ്റീവാകുകയായിരുന്നു.ഇയാളുടെ സമ്പർക്കപ്പട്ടികയും വിപുലമായതിനാൽ തലവൂർ വില്ലേജ് പരിധി നിയന്ത്രണമേഖലയാക്കണമെന്ന് തലവൂർ പഞ്ചായത്തധികൃതരും, പൊലീസ്,ആരോഗ്യ വകുപ്പധികൃതരും ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തു നൽകി.