photo
ചിറ്റുമല ചിറയുടെ തീരത്ത് ചൂണ്ടയിടുന്ന യുവാക്കൾ

കുണ്ടറ: കൊവിഡ് വ്യാപനം ചെറുക്കാൻ ജില്ലാ ഭരണകൂടം മത്സ്യബന്ധനവും വിപണനവും നിരോധിച്ചതോടെ പുഴയോരങ്ങളിൽ ചൂണ്ടയും കൈവലയും ഉപയോഗിച്ചുള്ള മീൻ പിടിത്തം സജീവമാകുന്നു. മത്സ്യവിഭവങ്ങൾ ഇല്ലാത്ത ഊണ് കൊല്ലത്തുകാർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാവാത്ത സാഹചര്യം വന്നതോടെ ചിറ്റുമല ചിറ, കാഞ്ഞിരകോട് കായൽ തുടങ്ങിയ സ്ഥലങ്ങളിൽ ഉൾപ്പെടെ മീൻപിടിത്തം സജീവമായത്. വഞ്ചിയിൽ പോയി വലവീശുന്നതും ചൂണ്ടയിടീലുമൊക്കെ പ്രദേശത്തെ സ്ഥിരം കാഴ്ചയായിരിക്കുകയാണ്. രാസവസ്തുക്കൾ ചേർക്കാത്ത മീൻ ലഭിക്കുമെന്നതും കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. കരിമീനും ബ്രാലും പള്ളത്തിയുമാണ് കൂടുതലായും ലഭിക്കുന്നത്.

 പിടിക്കണമെങ്കിൽ പിടിയുണ്ടാകണം

ചൂണ്ടയിടീലിൽ നല്ല പരിചയവും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ കരിമീനിനെ പിടിക്കാൻ സാധിക്കൂ. മൈദാ മാവിൽ തേങ്ങാ പിണ്ണാക്കും മഞ്ഞൾപ്പൊടിയും ചേർത്ത് കുഴച്ച് ചൂണ്ടയിൽ കൊരുത്താണ് കരിമീനിനെ പിടിക്കുന്നത്. മരച്ചീനി (കപ്പ) ചെറുകഷണങ്ങളാക്കി ഓരുള്ള സ്ഥലത്ത് വിതറിയശേഷം ഇതിനിടയിലൂടെ ചൂണ്ടയിൽ മരച്ചീനി കഷ്ണം കൊരുത്തിറക്കി കരീമിനെ പിടിക്കുന്ന വിരുതന്മാരും കൂട്ടത്തിലുണ്ട്. തുടക്കക്കാർ മണ്ണിരയെ ചൂണ്ടയിൽ കൊരുത്ത് പള്ളത്തിയെ പിടിക്കും. ഇടയ്ക്ക് ബ്രാലിന്റെ കുഞ്ഞുങ്ങളും കുടുങ്ങും.

വിദേശനിർമ്മിത ചൂണ്ടകളുമായി യുവാക്കളും

5000 രൂപയിലധികം വില വരുന്ന വിദേശനിർമ്മിത ചൂണ്ടകളുമായി യുവാക്കളും ഇപ്പോൾ മീൻ പിടിക്കാനെത്തുന്നുണ്ട്. ചാണകത്തിൽ മരച്ചീനിയും ചേർത്ത് ഉരുളയുണ്ടാക്കി കായലിൽ എറിഞ്ഞ ശേഷം വീശുവലയെറിഞ്ഞ് കരീമിനിനെ പിടിക്കുന്ന പ്രായമേറിയവരും കുറവല്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് മത്സ്യലഭ്യതയിൽ ഗണ്യമായ കുറവുണ്ടെന്ന് സ്ഥലത്തെ പ്രധാന മീൻപിടിത്തക്കാർ പറയുന്നു.