പുനലൂർ: തെന്മല പഞ്ചായത്തിലെ ചാലിയക്കര ജനവാസമേഖലയിൽ പുലിയും പുലിക്കുഞ്ഞുങ്ങളും ഇറങ്ങിയതോടെ തോട്ടം തൊഴിലാളികൾ ഭീതിയിൽ. ഇന്നലെ പുലർച്ചെ 4ന് റബർ ടാപ്പിംഗിന് പോയ തോട്ടം തൊഴലാളികളായ സുബ്ബൻപിള്ള, രാജു, സിവൻകുട്ടി തുടങ്ങിയവരാണ് പുലിയെ കണ്ടത്.
ചാലിയക്കര അമ്പിക്കോണം ആശുപുപത്രിക്ക് സമീപത്തെ എൽ.പി.എൽ ലയത്തിന് സമീപത്തുകൂടി നടന്നുപോയ തോട്ടം തൊഴിലാളികൾ പിന്നിൽൽ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് പുലിയെയും പുലിക്കുഞ്ഞുങ്ങളെയും കണ്ടത്. തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് അമ്പനാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സനിൽ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ദിവസം മുമ്പ് ഒറ്റക്കൽ പള്ളിമുക്കിൽ ഇറങ്ങിയ പുലി മധുസൂദനന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്ത് നായയെ കടിച്ച് കൊന്നിരുന്നു.