stray-dog

കൊല്ലം: നഗരത്തിൽ തെരുവുനായ ശല്യം ദിനംപ്രതി രൂക്ഷമാകുന്നു. കോർപ്പറേഷൻ ആസ്ഥാനത്തോട് ചേർന്നുള്ള ക്യു.എ.സി റോഡിൽ ഇന്നലെ വൈകിട്ട് കാൽനടയാത്രക്കാർക്ക് നേരെ തെരുവുനായ ആക്രമിക്കാനായി ചീറിപ്പാഞ്ഞടുത്തു. സമീപത്തുള്ളവർ കമ്പും കല്ലുമായി തിരിച്ചാക്രമിച്ചത് കൊണ്ടാണ് കാൽനടയാത്രക്കാർ രക്ഷപ്പെട്ടത്.

നഗരത്തിൽ പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപം വ്യാപകമായതോടെയാണ് തെരുവുനായ്ക്കൾ വീണ്ടും റോഡരികുകളിൽ തമ്പടിച്ച് തുടങ്ങിയത്. ബസുകൾ ഉൾപ്പെടെ ഹോണടിച്ചാലും റോഡിന് മദ്ധ്യേ നിൽപ്പും കിടപ്പുമാണ് ഇവ. രാത്രികാലങ്ങളിൽ കുറുകെചാടി ഇരുചക്രവാഹന യാത്രക്കാരെയും അപകടത്തിൽപ്പെടുത്തുന്നു.

തെരുവുനായ നിയന്ത്രണത്തിന് നഗരസഭയുടെ പദ്ധതിയുണ്ടെങ്കിലും ഇതുവരെ ഇവയുടെ എണ്ണം നിയന്ത്രിക്കാനായിട്ടില്ല. കൊവിഡ് കാലമായതോടെ പദ്ധതി നടത്തിപ്പ് താറുമാറായി. തെരുവ്നായ വന്ധ്യംകരണം വേഗത്തിലാക്കാൻ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കുന്ന പദ്ധതിയും പ്രഖ്യാപനത്തിൽ ഒതുങ്ങിനിൽക്കുകയാണ്.

 വളർത്തുനായകളെ ഉപേക്ഷിക്കുന്നു

പ്രായമായതും രോഗം ബാധിച്ചതുമായ വളർത്തുനായകളെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് വ്യാപകമായിട്ടുണ്ട്. തെരുവ് നായകളെക്കാൾ കൂടുതൽ ആക്രമണകാരികളാണ് ഇവ. തെരുവ് നായ്ക്കളുമായി പെട്ടെന്ന് സഹകരിക്കാൻ മടിയുള്ളവയാണ് വളർത്തുനായ്ക്കൾ. ഇതുമൂലം ഇത്തരം നായകളും തെരുവുനായകളും തമ്മിൽ വഴിയോരങ്ങളിൽ പരസ്പരമുള്ള കടിപിടിയും പതിവാണ്. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നതിന് തടയിടാൻ ചിപ്പോട് കൂടിയ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് കാലങ്ങളായി പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.