കൊല്ലം: കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിൽ ആശ്വാസത്തിന്റെ ആദ്യദിനം. സൂപ്പർ സ്പ്രെഡ് സംഭവിച്ചതിനെ തുടർന്ന് ആദ്യ ദിനത്തിൽ 27 പേർക്കും പിന്നീട് രണ്ട് ദിനങ്ങളിലായി 21 പേ‌ർക്കുമാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇന്നലെ ഒരു പോസിറ്റീവ് കേസ് പോലും ഉണ്ടാകാഞ്ഞത് വലിയ ആശ്വാസത്തിനാണ് ഇട നൽകിയത്. അടുത്തടുത്ത വീടുകളാണ് ഇവിടെയുള്ളത്. മത്സ്യ വിൽപ്പനയും ഇറച്ചിവിൽപ്പനയും തൊഴിലാക്കിയവരടക്കമുള്ളവർക്ക് രോഗം പടർന്നതോടെ സമൂഹ വ്യാപനത്തിന്റെ വക്കിലെത്തി നിന്നതാണ്. നഗരസഭാ കൗൺസിലർ എ.ഷാജുവിന്റെ നേതൃത്വത്തിൽ ഫലപ്രദമായ ഇടപെടീൽ നടത്തിയതാണ് രോഗ വ്യാപനത്തിന്റെ തോത് കുറച്ചത്. ആരോഗ്യ വകുപ്പും പൊലീസും സന്നദ്ധ പ്രവർത്തകരും രാവും പകലും കരുതലിന്റെയും സേവനത്തിന്റെയും പ്രവർത്തനങ്ങളുമായി ഇവിടെ സജീവമായി. ഇടവഴികൾ ഉൾപ്പടെ അടച്ച് ഗതാഗതം പൂർണമായും നിർത്തിവച്ചു. ഭക്ഷ്യ സാധനങ്ങൾ സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തിച്ച് നൽകി ബുദ്ധിമുട്ടുകൾ പരിഹരിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ സ്രവപരിശോധനകളും നടത്തി. ഇതോടെ വ്യാപനത്തിനുള്ള സാദ്ധ്യതകൾ അടയ്ക്കുകയായിരുന്നു.