കൊല്ലം: കൊവിഡിന്റെ പിടിമുറുക്കത്തിലാണ് കൊല്ലം ജില്ല. ഓരോ ദിനവും രോഗികളുടെ എണ്ണം വളരെ കൂടിവരുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതുവരെ 1,314 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 940 പേരും ഈമാസമാണ് രോഗബാധിതരായത്. മാർച്ച് 23നാണ് ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ആറ് പേർ കൊവിഡിനെ തുടർന്ന് മരണപ്പെടുകയുമുണ്ടായി. ഇതിൽതന്നെ നാലുപേർക്കും പോസ്റ്റ്മോർട്ടത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്നലെ ഡോക്ടർക്കും ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശുപത്രി അടച്ചിടേണ്ട സ്ഥിതിയിലെത്തിച്ചു. സമ്പർക്കത്തിന്റെ ചങ്ങല മുറിക്കാനാകാത്തതാണ് ജില്ലയിൽ രോഗവ്യാപനം ദിനംപ്രതി വർദ്ധിക്കാൻ കാരണം. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ ജില്ലയുടെ മുക്കാൽ പങ്കും അടച്ചിടേണ്ട സ്ഥിതിയാണ്. എന്നിട്ടും കൊവിഡിനെ പിടിച്ചുകെട്ടാൻ കഴിയാത്തതാണ് ജില്ലാഭരണകൂടത്തെ കുഴയ്ക്കുന്നത്. കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും ചികിത്സാ കേന്ദ്രങ്ങളിൽ നിയമിക്കാൻ നടപടിയായിട്ടുണ്ട്. ആയുഷ് ഹോമിയോ വിഭാഗങ്ങളിൽ നിന്ന് മാത്രമായി 370 ഡോക്ടർമാരെ നിയമിക്കാൻ തീരുമാനമായി.
10 വീടുകൾ വീതം ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ തീരദേശത്തും രോഗവ്യാപന സാദ്ധ്യതയുള്ളിടങ്ങളിലും രൂപീകരിച്ച് കഴിഞ്ഞു. കൂടാതെ 10 വീതം വ്യാപാരികളെയും ചരക്ക് ഇറക്ക് തൊഴിലാളികളെയും പ്രത്യേകം ക്ലസ്റ്ററുകളാക്കിയിട്ടുണ്ട്. ചരക്കുമായി വരുന്ന വാഹനങ്ങൾ അണുനശീകരണം നടത്താനും നടപടിയായി.
സർക്കാർ ഓഫീസുകൾ അടഞ്ഞു
കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ ജില്ലയിലെ ഭൂരിപക്ഷം സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം മുടങ്ങി. ഓരോ ദിവസവും ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ രൂപപ്പെടുകയാണ്.
അതി തീവ്ര രോഗവ്യാപന സാദ്ധ്യത നിലനിൽക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സർവീസുകളുടെ വിഭാഗത്തിൽ വരുന്ന സ്ഥാപനങ്ങളടക്കം അടയ്ക്കേണ്ടി വന്നു. സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം പിൻവലിക്കും വരെ അവധി അനുവദിക്കും. ജില്ലയിലെ പകുതിയിലേറെ ഭാഗം നിലവിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിലായതോടെ ഇത്തരം പ്രദേശങ്ങളിലെ ഓഫീസുകളുടെ പ്രവർത്തനം മാത്രമല്ല, ഇവിടെ നിന്നുള്ള ജീവനക്കാർ ജോലി നോക്കുന്ന ഓഫീസുകളുടെ പ്രവർത്തനവും താറുമാറായി.
വളരെ കുറച്ച് ജീവനക്കാരെ വച്ച് ഓഫീസ് പ്രവർത്തനങ്ങൾ തടസമില്ലാതെ കൊണ്ടു പോകണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഒരിടത്തും കാര്യമായ ജോലി നടക്കുന്നില്ല.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് അവസാനത്തോടെയാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്. ഓഫീസിൽ പകുതി ജീവനക്കാർ എത്തിയാൽ മതി എന്നതുൾപ്പെടെ വിവിധ ഇളവുകൾ നൽകിയിരുന്നു. കേന്ദ്ര സർക്കാർ ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ ജൂൺ പകുതിക്ക് ശേഷം ഓഫീസുകൾ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചെങ്കിലും ഇതുവരെ പഴയപടിയായിട്ടില്ല.
വാർഷിക പദ്ധതി രൂപീകരണം നീളുന്നു
സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിട്ടെങ്കിലും വകുപ്പുകളുടെ വാർഷിക പദ്ധതി രൂപീകരണവും അംഗീകാരവും അന്തിമമാക്കലും നീളുകയാണ്. ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2020- 21 വാർഷിക പദ്ധതികൾക്ക് അംഗീകാരമായെങ്കിലും
കൊവിഡ് പശ്ചാത്തലത്തിൽ അതെല്ലാം പൊളിച്ചെഴുതേണ്ട സ്ഥിതിയാണ്. അംഗീകാരം നേടിയ പല പദ്ധതികളും ഭേദഗതി ചെയ്‌തെങ്കിലേ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് തുക കണ്ടെത്താൻ കഴിയൂ.