കൊല്ലം: കൊല്ലത്ത് കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ഭക്ഷണപൊതിയിൽ മദ്യവും പാൻമസാലയും എത്തിച്ചു, അനുവദിക്കില്ലെന്ന് പറഞ്ഞ ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമം.
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് സംഭവം. ഇവിടെയുള്ള രോഗികളിൽ ചിലർക്ക് പുറത്തുനിന്നുള്ള ആഹാരത്തിനൊപ്പം മദ്യം ലഭിക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇന്നലെ ഭക്ഷണത്തോടൊപ്പം ഇവർക്ക് മദ്യമെത്തിക്കാൻ ശ്രമം നടന്നു. ഇത് സെന്ററിലെ ജീവനക്കാർ ചോദ്യം ചെയ്തതോടെ ഏഴ് രോഗികൾ കെട്ടിടത്തിന് പുറത്തിറങ്ങി അസഭ്യവർഷം നടത്തി. ഭക്ഷണം നൽകുന്നതിന് അകത്തേക്ക് പോയ ജീവനക്കാരെ തടഞ്ഞുവച്ചു. ജീവനക്കാർ കരഞ്ഞുകൊണ്ട് ഫോൺ സന്ദേശം മുഖേന ആരോഗ്യ വകുപ്പ് അധികൃതരെയും കളക്ടറെയും അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകിയാണ് പ്രശ്നം പരിഹരിച്ചത്.
കൊവിഡ് പകർത്തുമെന്ന് ഭീഷണി
രോഗികൾ കയറുന്നിടത്ത് അടച്ചുറപ്പുള്ള വാതിലിൽ ഇല്ല. ഇതുവഴിയാണ് രോഗികൾ പുറത്തേക്ക് വന്നത്. പുറമെ നിന്നും ഇവർക്ക് ഭക്ഷണം നൽകിവന്നിരുന്നതാണ്. ജീവനക്കാർ പരിശോധിച്ച ശേഷമാണ് ഭക്ഷണം രോഗികൾക്ക് നൽകിവന്നത്. ഇന്നലെ പരിശോധിച്ച ഭക്ഷണ പൊതിയിൽ ഒരു ഏത്തയ്ക്കയും മദ്യ കുപ്പിയും പാൻമസാല പായ്ക്കറ്റുകളും ഉണ്ടായിരുന്നു. ഇത് രോഗിയ്ക്ക് കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് രോഗികൾ പ്രതിഷേധവുമായി എത്തിയത്. നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും കൊവിഡ് പകർത്തുമെന്നും ഭീഷണിപ്പെടുത്തി.
പുറത്ത് നിന്നും ഭക്ഷണം അനുവദിക്കില്ല: കളക്ടർ
കുമ്മല്ലൂർ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുണ്ടായ സംഭവത്തെപ്പറ്റി ഗൗരവമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കും. മദ്യവും പാൻമസാലും ഇവിടെ എത്തിച്ച് നൽകിയവർക്കെതിരെയും കേസെടുക്കും. പുറമെ നിന്നും ഇനി ആർക്കും ഭക്ഷണം അനുവദിക്കില്ല. എല്ലാ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്കും കോമൺ മെനു അനുസരിച്ച് ഭക്ഷണം തയ്യാറാക്കി നൽകും. എല്ലാതരം ത്യാഗവും സഹിച്ച് ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അവർക്കെതിരെ ഉണ്ടാകുന്ന എല്ലാ അതിക്രമങ്ങൾക്കുമെതിരെ ശക്തമായ നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു.