covid

തിരുവനന്തപുരം: കൊവിഡ് സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ സർക്കാർ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു. ഇന്ന് തലസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ആക്ഷൻ പ്ളാനിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച തീരുമാനമുണ്ടാകും. തൃശൂരിലും തിരുവനന്തപുരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കും. കൂടുതൽ ജില്ലകളിൽ കർശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ലാർജ് ക്ലസ്റ്ററുകളിൽ അധികൃതർ തീവ്രരോഗ വ്യാപന ആശങ്ക രേഖപ്പെടുത്തി. അതേസമയം കോഴിക്കോട്ട് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. ഇരിങ്ങാലക്കുട കെ.എസ്.ഇ കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനത്തിന്റെയും നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികൾ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം എറണാകുളത്ത് കെയർ ഹോമുകൾ കർശന നിരീക്ഷണത്തിലാക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. തൃക്കാക്കര കരുണാലയത്തിൽ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. അവിടെ താൽക്കാലിക ആശുപത്രി സ്ഥാപിച്ചു. അനാഥാലയങ്ങൾക്കായി ഹെൽപ്പ് ഡസ്‌ക് തയാറാക്കും. ഇവിടങ്ങളിൽ സന്ദർശക വിലക്കും ഏർപ്പെടുത്തി. ചെല്ലാനത്ത് ആശങ്കയൊഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്ഥിതി ഒരാഴ്ചയ്ക്കകം നിയന്ത്രണ വിധേയമാകുമെന്നും ജില്ലാ ഭരണകൂടം പ്രത്യാശ പ്രകടിപ്പിച്ചു.