perumon
പെരുമൺ - പേഴുംതുരുത്ത് ജങ്കാർ സർവീസ് (ഫയൽ ചിത്രം)

കൊല്ലം: മൺറോത്തുരുത്തുകാരുടെ ചിരകാല സ്വപ്നമായ പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണ പദ്ധതിയുടെ ശനിദിശ മാറുന്നില്ല. ഉയർന്ന ടെണ്ടർ തുകയ്ക്ക് മന്ത്രിസഭ പ്രത്യേക അനുമതി നൽകിയിട്ടും കരാറുകാരൻ അടുക്കാതെ ഓടിരക്ഷപ്പെട്ടു. ടെണ്ടറിൽ പങ്കെടുത്ത രണ്ടാമത്ത കമ്പനിയുമായി കരാർ ഉറപ്പിക്കാൻ പദ്ധതിയുടെ ഫയൽ വീണ്ടും മന്ത്രിസഭയുടെ പരിഗണനയിലേക്ക് പോവുകയാണ്.

എറണാകുളം ആസ്ഥാനമായുള്ള കെ.വി. ജോസഫ് ആൻഡ് കമ്പനിക്കാണ് പാലം നിർമ്മാണത്തിന്റെ കരാർ ലഭിച്ചത്. ഇവർ സമർപ്പിച്ച ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ 12.5 ശതമാനം അധികമായതിനാൽ മന്ത്രിസഭാ യോഗത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ടെണ്ടർ അംഗീകരിച്ചത്. പക്ഷേ ലോക്ക്ഡൗണിൽ തൊഴിലാളികളെല്ലാം നാട്ടിലേക്ക് മടങ്ങിയെന്ന് പറഞ്ഞ് കമ്പനി പിന്മാറുകയായിരുന്നു. ഇതോടെ ടെണ്ടറിൽ പങ്കെടുത്ത രണ്ടാമത്തെ കമ്പനിയായ ചെറിയാൻ ആൻഡ് വർക്കിയുമായി കരാർ ഉറപ്പിക്കാനുള്ള ശ്രമം നടക്കുകയാണഅ. ഇതിനുള്ള ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.

 ഇനിയും കാത്തിരിക്കണം

36.47 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. ആദ്യ തവണ ടെണ്ടർ ചെയ്തപ്പോൾ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. കാലാവധി നീട്ടിയിട്ടും പുതുതായി ആരുമെത്തിയില്ല. പിന്നീട് നടത്തിയ റീ ടെണ്ടറിലാണ് രണ്ട് കമ്പനികൾ പങ്കെടുത്തത്. എന്നാൽ ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനെക്കാൾ 12 ശതമാനം അധികമായതിനാൽ സെക്രട്ടേറിയറ്റിലെ വിവിധ ഓഫീസുകൾ കയറിയിറങ്ങി ഒടുവിലാണ് മന്ത്രിസഭ അംഗീകരിച്ചത്. ഈ കമ്പനി പിന്മാറിയതോടെ രണ്ടാമത്തെയാളുമായി കരാർ ഉറപ്പിക്കാൻ വീണ്ടും മാസങ്ങളെടുക്കും. ഒരു പക്ഷെ റീടെണ്ടറിലേക്കും പോയേക്കും.

 ഇനിയും വേണം 2 കോടി രൂപ

 വീണ്ടും റീ ടെണ്ടറിലേക്കോ ?

ടെണ്ടറിൽ പങ്കെടുത്ത രണ്ടാമത്തെ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത് എസ്റ്റിമേറ്റിനെക്കാൾ 19 ശതമാനം അധികം തുകയാണ്. ഈ കമ്പനിയുമായി കരാർ ഉറപ്പിച്ചാൽ പാലം നിർമ്മാണത്തിന്റെ ചെലവ് 43.4 കോടി രൂപയായി മാറും. രണ്ട് മാസം മുൻപ് മന്ത്രിസഭ അംഗീകാരം നൽകിയതിനേക്കാൾ 2.18 കോടി രൂപ അധികം. ഇത്രയധികം തുക ചെലവാക്കാൻ ധനവകുപ്പ് അനുമതി നൽകിയില്ലെങ്കിൽ മന്ത്രിസഭയും അനുകൂല നിലപാട് എടുക്കില്ല. പിന്നെ റീ ടെണ്ടറിലേക്ക് പോയി കരാർ ഉറപ്പിക്കാൻ കുറഞ്ഞത് ഒൻപത് മാസമെങ്കിലും വീണ്ടുമെടുക്കും.