കൊല്ലം: മാവേലിയെ വരവേൽക്കാൻ സ്കൂൾ മുറ്റങ്ങളിൽ ഇത്തവണ അത്തപൂക്കളങ്ങളും ക്ലാസ് മുറികളിൽ പുലികളിയും ഉണ്ടാവില്ല. കൊവിഡിന്റെ അതിതീവ്ര വ്യാപന കാലത്ത് ഓണനാളുകളിലെന്നല്ല ഇതിന് ശേഷവും ക്ലാസ് മുറികളിലേക്ക് എത്താൻ കഴിയുമെന്ന് തോന്നുന്നില്ല.
ഓണപരീക്ഷ വേണ്ടെന്നുവച്ചെങ്കിലും ഇതിന് ശേഷം ക്ലാസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. അതിനാൽ സിലബസ് ചുരുക്കേണ്ടെന്നായിരുന്നു പൊതുനിലപാട്. പക്ഷേ, കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നതിനാൽ ആഗസ്റ്റോടെ സ്ഥിതി സങ്കീർണമായേക്കുമെന്ന് സർക്കാർ പറഞ്ഞുകഴിഞ്ഞു. ആഗസ്റ്റിൽ ഓരോ ജില്ലയിലും കുറഞ്ഞത് 5000 രോഗികളുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അത്തരമൊരു സാഹചര്യത്തിൽ സ്കൂൾ - കോളേജ് ക്ലാസുകൾ എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പുതിയ സാഹചര്യത്തിൽ സിലബസിൽ മാറ്റം വരുത്തുന്നതും പരീക്ഷ ക്രമങ്ങളും തുടങ്ങി വിവിധ കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുന പരിശോധിക്കാനിടയുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിലൂടെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളും പ്രത്യേക സോഫ്ട്‌വെയറുകളിലൂടെ കോളേജ് - സി.ബി.എസ്.ഇ - ഐ.സി.എസ്.ഇ വിദ്യാർത്ഥികളും ഇപ്പോൾ ഓൺലൈൻ പഠനത്തിലാണ്.
ഓൺലൈൻ പഠനം ഇങ്ങനെ
1. സൂം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീം തുടങ്ങിയ സോഫ്ട്‌വെയറുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ
2. റെക്കാഡ് ചെയ്ത് വെബ്സൈറ്റുകൾ വഴിയും ലഭ്യമാക്കുന്നു
3. സ്വകാര്യ സി.ബി.എസ്.ഇ - ഐ.സി.എസ്.ഇ സ്കൂളുകൾ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി പ്രത്യേക സോഫ്‌ട്‌വെയർ
4. രക്ഷിതാക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ ലഭ്യമാക്കുന്നു
5. സൗകര്യമില്ലാത്തവർക്ക് ടി.വി, മൊബെെൽ ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയ സൗകര്യങ്ങളൊരുക്കാൻ നാടൊന്നിക്കുന്നു
ആശങ്കകൾ പിന്നെയും
1. ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ നിശ്ചയിക്കുന്നതിനോട് വിദ്യാർത്ഥികൾ യോജിക്കുന്നില്ല
2. ആദിവാസി മേഖലകളിൽ ഉൾപ്പെടെ എല്ലാവർക്കും ഇപ്പോഴും ഓൺലൈൻ പഠന സൗകര്യങ്ങളില്ല
3. മൊബൈൽ ഇന്റർനെറ്റ് റേഞ്ച് എല്ലാവർക്കും കിട്ടാത്തത്