കൊല്ലം: നിറങ്ങളുടെ ലോകത്താകുമ്പോൾ പീതാംബരൻ ഏകാന്തത മറക്കും, വരച്ചുകൂട്ടിയതൊക്കെയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം ശ്രീചിത്രാലയത്തിൽ എൻ.പീതാംബരൻ ചിത്രകലയിലെ നക്ഷത്രത്തിളക്കമാണെന്ന് നാട്ടുകാർ പറയുന്നത് ഇഷ്ടക്കൂടുതലോടെയാണ്. കുട്ടിക്കാലം മുതൽ ചിത്രമെഴുത്തിനോട് തോന്നിയ കമ്പത്തിന് ഇപ്പോഴും മാറ്റ് കുറയുന്നില്ലെന്ന് എഴുപത് പിന്നിട്ട ഈ ചിത്രകാരൻ പറയുന്നു. സ്ളേറ്റ് പെൻസിലുമായാണ് വരച്ച് തുടങ്ങിയത്. സ്കൂൾ തല മത്സരങ്ങളിൽ ചിത്രമെഴുത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞപ്പോൾ അദ്ധ്യാപകനായ കെ.ജി.രാമകൃഷ്ണപിള്ളയുടെ ചിത്രകല പഠിക്കണമെന്ന ഉപദേശമാണ് വരയും വർണങ്ങളും നിറഞ്ഞ വലിയ ലോകത്തിലേക്ക് എത്തിച്ചത്. ചിത്രകലാ അദ്ധ്യാപകനായി മലബാറിലെ സർക്കാർ സ്കൂളിന്റെ പടികയറി ചെന്നതും അതിന്റെ പ്രതിഫലനമായിരുന്നു. ഇരുപത്തെട്ട് വർഷക്കാലം വിവിധ വിദ്യാലയങ്ങളിൽ ജോലി ചെയ്തു. 2005ൽ കൊട്ടാരക്കര പെരുംകുളം ഗവ.പി.വി.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ചു. വിദ്യാലയ മുറ്റത്ത് നിന്ന് നടന്നുനീങ്ങുമ്പോഴും ചിത്രമെഴുത്തിനായി കൂടുതൽ സമയം കണ്ടെത്താമെന്ന സന്തോഷമുണ്ടായിരുന്നു പീതാംബരന്.
ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ചു. പോർട്രെയിറ്റുകളാണ് അധികവും. അതുവഴി റിട്ടയർമെന്റ് ജീവിതത്തിൽ നല്ല വരുമാനവുമുണ്ടായി. ദക്ഷിണേന്ത്യയിലെ ഏക ശകുനി ക്ഷേത്രമായ പവിത്രേശ്വരം മലനട ക്ഷേത്രത്തിൽ മുഖമൊരുക്കിയത് പീതാംബരനാണ്. കെ.എസ്.എഫ്.ഇ പുത്തൂർ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജരായിരുന്ന ഭാര്യ ലീലയുടെ പെട്ടെന്നുള്ള മരണം ഒന്നുലച്ചെങ്കിലും വരകളുടെ ലോകത്ത് സജീവമായാണ് ദു:ഖം മറന്നത്. മക്കൾ രമ്യയും സൗമ്യയും ചിത്രമെഴുത്തിൽ അച്ഛന്റെ പിന്തുടർച്ചക്കാരായുണ്ടെങ്കിലും വീട്ടിൽ പലപ്പോഴും ചായക്കൂട്ടും കാൻവാസുമാണ് മാത്രമാണ് പീതാംബരന് കൂട്ട്. പെൻഷൻ തുകയിൽ നിന്ന് കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പീതാംബരൻ നൽകാൻ തീരുമാനിച്ചപ്പോൾ മക്കളും മരുമക്കളും അതിന് പ്രോത്സാഹനവും നൽകിയിരുന്നു.
വഴിയിൽ കണ്ടതൊക്കെ വരയ്ക്കും
യാത്രകളിൽ കാണുന്ന കാഴ്ചകൾ കാൻവാസിൽ പകർത്തുന്നതാണ് പീതാംബരന്റെ വിനോദം. കലോത്സവങ്ങൾക്ക് വിധികർത്താവായി പോകാറുണ്ട്. തിരിച്ചെത്തിയാൽ കലാപ്രകടനം കാൻവാസിലേക്ക് പകരും. കാമറയിൽ പകർത്തുന്ന ഫോട്ടോകളെക്കാൾ മനോഹരമായ ജീവൻ തുടിയ്ക്കുന്ന ചിത്രങ്ങളാകുമത്.