aad
മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ജീവനോപാധിയായ ആടുകളെ സംഭാവന ചെയ്ത കൊല്ലം പള്ളിത്തോട്ടം സ്വദേശിനി പാത്തുമ്മയ്ക്ക് ജനക്ഷേമ സംഘടനകൾ എം.മുകേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ആടുകളെ കൈമാറുന്നു

കൊല്ലം: വേൾഡ് വെറ്ററിനറി അസോസിയേഷൻ ഏർപ്പെടുത്തിയ ലോക വെറ്ററിനറി ദിന അന്താരാഷ്ട്ര പുരസ്‌കാരം ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകത്തിന്. ബൽജിയം ആസ്ഥാനമായുള്ള അസോസിയേഷന്റെ പുരസ്കാരം ആദ്യമായാണ് ഏഷ്യയിലെ ഒരു അസോസിയേഷൻ ഘടകത്തിന് ലഭിക്കുന്നത്. രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്ന അംഗീകാരം തയ്‌വാനിൽ 2021 ഏപ്രിലിൽ നടക്കുന്ന അന്താരാഷട്ര സമ്മേളനത്തിൽ സമ്മാനിക്കും. മനുഷ്യ ​- മൃഗ ആരോഗ്യത്തിനായി പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ അധിഷ്ഠിതമായ മത്സരമാണ് ഇത്തവണ നടന്നത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ നടപ്പാക്കിയ ജനക്ഷേമ പരിപാടികൾക്കാണ് അംഗീകാരം. ജീവനോപാധിയായ ആടുകളെ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കൊല്ലം പള്ളിത്തോട്ടം സ്വദേശിനി പാത്തുമ്മക്ക് മറ്റു ജനക്ഷേമ സംഘടനകളുടെ സഹകരണത്തോടെ ആടുകളെയും തീറ്റയും നൽകിയ പ്രവർത്തനം പ്രത്യേക പരാമർശം നേടി. വെറ്ററിനറി സർവകലാശാലയുടെ സഹകരണത്തോടെ മണ്ണൂത്തി വെറ്ററിനറി അസോസിയേഷൻ യൂണിറ്റാണ് സംസ്ഥാന തല പരിപാടികൾക്ക് മുൻകൈയെടുത്തത്. വിവിധ ജില്ലകളിൽ നടപ്പിലാക്കിയ തെരുവ് നായ്ക്കൾക്കുള്ള സംരക്ഷണ പദ്ധതി, വൃക്ഷത്തൈ നടീൽ, അന്താരാഷ്ട്ര ശാസ്ത്ര സെമിനാറുകൾ, ക്വിസ് മത്സരം, പോസ്റ്റർ പ്രസന്റേഷൻ, ശില്പശാലകൾ, ഫോട്ടോഗ്രാഫി മത്സരം, ക്ഷീരകർഷകർക്ക് ന്യായവില വിപണിയൊരുക്കുന്ന ക്ഷീര ദൂതൻ ആപ്പ് എന്നിവയെല്ലാം അവാർഡ് നിർണയ സമിതിയുടെ പ്രശംസ നേടി.
കൊവിഡാനന്തര മൃഗസംരക്ഷണ ക്ഷേമപദ്ധതികൾക്ക് അവാർഡ് തുക ഉപയോഗിക്കുമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് ഡോ. കെ.കെ. തോമസ്, സെക്രട്ടറി ഡോ. മുഹമ്മദ് അസ്ലാം എന്നിവർ അറിയിച്ചു.