bats
വാവലുകൾ

കൊല്ലം: തഴവയിൽ ഭൂഗർഭ കനാലിൽ വാവലുകൾ ചേക്കേറിയതോടെ സാംക്രമിക രോഗ ഭീതിയിൽ നാട്ടുകാ‌ർ. കാറ്റും വെളിച്ചവും കടക്കാത്ത കനാലിൽ വാവലുകളുടെ കാഷ്ടവും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞു കിടക്കുകയാണ്. തഴവ പഞ്ചായത്തിലെ കുരിശിൻമൂട് ജംഗ്ഷനിലാണ് വാവലുകളുടെ ശല്യം ഏറ്റവും കൂടുതൽ. കൊവിഡ് കണ്ടെയ്ൻമെന്റ് സോണായ കുലശേഖരപുരത്തേക്കുള്ള ജലവിതരണ കനാൽ വവ്വാക്കാവ് - പാവുമ്പ റോഡ് കുറുകേ കടന്നു പോകുന്ന ഭാഗത്ത് മൂന്നൂറ് മീറ്ററോളം ഭൂമിക്കടിയിലൂടെയാണ് പോകുന്നത്. ഇവിടെ കനിലിന്റെ മുകൾ വശം കോൺക്രീറ്റ് ചെയ്ത് അടച്ചിരിക്കുകയാണ്. മുന്നൂറ് മീറ്ററിന് അപ്പുറവും ഇപ്പുറവും കനാലിന് മേൽമൂടിയില്ല. ഇതുവഴിയാണ് വാവലുകൾ കനാലിനുള്ളിലേക്കെത്തുന്നത്. വള്ളികുന്നത്ത് നിന്ന് ഇവിടേക്ക് ജലവിതരണം ഇല്ലാത്തതിനാൽ മലിനജലം ഒഴുകിപ്പോകാനും മാർഗമില്ല. മാസങ്ങളായി കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ കൂത്താടികൾ നിറഞ്ഞതോടെ പരിസരവാസികൾ ഭീതിയിലാണ്.

# നിപ്പപോലുള്ള മാരകരോഗങ്ങൾക്ക് കാരണമായേക്കാവുന്ന വാവലുകളെ ഇവിടെനിന്ന് തുരത്താനും കനാൽ വൃത്തിയാക്കാനും ജില്ലാ ഭരണകൂടം ഇടപെടണം.

രാജൻ, പ്രദേശവാസി.

# കനാലിനുള്ളിൽ വാവലുകൾ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്നത് അപകടകരമാണ്. നാട്ടുകാരുടെ പരാതിയെ തുട‌ർന്ന് പഞ്ചായത്ത് ഇടപെട്ട് കനാലിൽ ക്ളോറിൻ വിതറുകയും അണുനാശിനികൾ തളിക്കുകയും ചെയ്തിരുന്നു. കനാൽ വൃത്തിയാക്കാൻ ജലസേചനവകുപ്പ് നടപടിയെടുക്കാത്തതാണ് പ്രശ്നം. സലിം അമ്പിത്തറ, പഞ്ചായത്തംഗം

#ഗുർഗന്ധം,​ ബുദ്ധിമുട്ടി പ്രദേശവാസികൾ

കൊവിഡ് നിയന്ത്രണങ്ങൾ കാരണം വീട്ടിനുള്ളിൽ കഴിച്ചുകൂട്ടുന്ന പരിസരവാസികൾ ദുർഗന്ധത്താൽ പൊറുതിമുട്ടുകയാണ്. പലതവണ പഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും വിവരം അറിയിച്ചെങ്കിലും കനാലിൽ നിന്ന് വാവലുകകളെ തുരത്താനോ കനാൽ ജലം അണുവിമുക്തമാക്കാനോ കൊതുക് നശീകരണത്തിനോ നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഉപയോഗശൂന്യമായിക്കിടക്കുന്ന കനാൽ പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇതുവഴി കനാൽ ജലം പുറത്തേക്ക് ചാടാനിടയായാൽ വീടുകളിലെ കിണറുകളും ജലസ്രോതസുകളും മലിനമാകും.