കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലും സമീപ ഗ്രാമ പഞ്ചായത്തുകളിലുംകൊവിഡ് സാമൂഹ്യ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കരുനാഗപ്പള്ളി നഗസഭയെ പൂർണമായും ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യപിച്ചു. ശനിയാഴ്ച പുലർച്ചെ മുതൽ ഉത്തരവ് നിലവിൽ വന്നു. കരുനാഗപ്പള്ളി നഗരസഭാ പരിധിയിലെ 35 ഡിവിഷനുകളും ഇന്നലെ മുതൽ സമ്പൂർണ ലോക്ക് ഡൗണിന് സമാനമായ അവസ്ഥയിലാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ച് പൂട്ടി. റേഷൻ കടകൾ മാത്രം വൈകിട്ട് 3 മണി വരെ തുറന്ന് പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങൾ അപൂർവമായി മാത്രമേ പുറത്തിറങ്ങിയുള്ളൂ. ഇന്നലെ നടത്തിയ സ്വാബ് പരിശോധനയിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ 2,​ തഴവയിൽ 1, തൊടിയൂരിൽ 1 എന്നിങ്ങനെയാണ് പുതിയ കൊവിഡ് ബാധിതരുടെ കണക്ക്. കരുനാഗപ്പള്ളി നഗരസഭയിൽ രണ്ട് ദിവസമായി പുതിയ രോഗികൾ ഇല്ല. ചികിത്സയിൽ കഴിഞ്ഞിരുന്ന 17 രോഗികളിൽ 9 പേർ രോഗമുക്തരായി.