photo
കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്ന കൊട്ടാരക്കര പുലമൺ ബ്രദറൻ ഹാൾ കെട്ടിടം

കൊല്ലം: കൊട്ടാരക്കരയിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഇന്ന് തുറക്കും. പുലമൺ ബ്രദറൻ ഹാളാണ് ഇതിനായി സജ്ജമാക്കിയത്. ഇരുന്നൂറ് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിച്ചു. ആംബുലൻസും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. മൂന്ന് നിലകളിലായിട്ടാണ് കിടക്കകൾ സജ്ജമാക്കിയിട്ടുള്ളത്. ഇവിടേക്ക് ചൂട് വെള്ളവും തണുത്ത വെള്ളവും ലഭിക്കാനുള്ള സൗകര്യങ്ങൾ, വിനോദത്തിനുള്ള ഉപകരണങ്ങൾ, ശുചി മുറി സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും അധികൃതർ ചികിത്സാ കേന്ദ്രത്തിന്റെ വിലയിരുത്തൽ നടത്തി.

മെനു പ്രകാരം ഭക്ഷണം

ചികിത്സാ കേന്ദ്രത്തിൽ പുറമെ നിന്നുള്ള ഭക്ഷണം അനുവദിക്കേണ്ടെന്ന് കളക്ടർ ബി.അബ്ദുൾ നാസർ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ ചികിത്സാ കേന്ദ്രങ്ങൾക്കുമായി മെനു നിശ്ചയിച്ചിട്ടുണ്ട്. ഇറച്ചിയും മുട്ടയും പാലുമൊക്കെ ഉൾപ്പെടുന്ന വിധത്തിലാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്. നഗരസഭയുടെ സാമൂഹ്യ അടുക്കള ഇതിനായി തുറന്ന് ഭക്ഷണം നൽകും. രോഗികൾക്ക് പൂർണമായും സൗജന്യമാണ് ഇവിടുത്തെ സൗകര്യങ്ങളും ഭക്ഷണവും.

ഉദ്ഘാടനം രാവിലെ 9.30ന്

ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ നിർവവ്വഹിക്കും. പി.ഐഷാപോറ്റി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമളയമ്മ, വൈസ് ചെയർമാൻ ഡി.രാമകൃഷ്ണ പിള്ള, ഡെപ്യൂട്ടി കളക്ടർ റഹീം, അഡീഷണൽ ഡി.എം.ഒ ജയങ്കർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

ജില്ലയിൽ 64 കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ

കൊല്ലത്ത് 64 കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. ഇതിൽ 4,850 കിടക്കകളുമായി 33 എണ്ണം ഒരുക്കിക്കഴി‌ഞ്ഞു. 31 കേന്ദ്രങ്ങൾ കൂടി ഇനിയും തയ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 8474 കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാണ് ആകെ സജ്ജമാകുന്നത്.