വെട്ടിക്കവലയിൽ 12 പേർക്ക്
കൊല്ലം: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വെട്ടിക്കവലയിൽ കൊവിഡ് വ്യാപനത്തിന് കുറവില്ല. ഇന്നലെ പോസിറ്റീവായത് 12 പേർക്ക്. ആറും പത്തും പതിനാലും വയസുള്ള കുട്ടികളടക്കമുള്ളവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കടുവാപ്പാറയിലും നിരപ്പിലും രണ്ടുപേർക്കുവീതവും തലച്ചിറയിൽ എട്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തലച്ചിറയിൽ ഓരോ ദിനവും രോഗബാധിതർ കൂടിവരികയാണ്. നാട്ടുവഴികളൊക്കെ അടച്ച് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമ്പോഴും രോഗ വ്യാപനം നടക്കുന്നതാണ് ആരോഗ്യ പ്രവർത്തകരെ വലയ്ക്കുന്നത്. ഇനിയും പരിശോധനാ ഫലം ലഭിക്കാനുണ്ട്. ചടയമംഗലത്തെ മത്സ്യം മൊത്തവിൽപ്പന കേന്ദ്രത്തിൽ പോയ മത്സ്യവിൽപ്പനക്കാരിലൂടെയാണ് തലച്ചിറയിൽ രോഗവ്യാപനമുണ്ടായത്.
അഞ്ചലിൽ 8 പേർക്ക്
അഞ്ചൽ: ഒരു കുടുംബത്തിലെ നാലു പേരുൾപ്പടെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറം പ്രദേശത്തെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. മത്സ്യവ്യാപാരവുമായി ബന്ധപ്പെട്ടാണ് രോഗം പിടിപെട്ടതെന്ന് കരുതുന്നു. ഇടമുളയ്‌ക്കൽ പാലമുക്കിൽ ഒരാൾക്ക് രോഗബാധയുണ്ടായി. കഴിഞ്ഞ ആഴ്ച പടിഞ്ഞാറ്റിൻകരയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാളുടെ സമ്പർക്ക പട്ടികയിലുള്ള ആളാണിത്. പാലമുക്ക് പടിഞ്ഞാറ്റിൻകര പ്രദേശങ്ങൾ ഇയാളുടെ സമ്പർക്കത്തിൽ പെടുന്നു. അഞ്ചൽ ,ഇടമുളയ്ക്കൽ പഞ്ചായത്തുകളിലായി മറ്റു ചിലരുടെയും പരിശോധനാ ഫലം പോസിറ്റീവായിട്ടുണ്ട്. ഖത്തറിൽ നിന്നും വന്ന ഒരാൾക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു.
എഴുകോൺ 7 പേർക്ക്
എഴുകോൺ: പ്രദേശത്ത് ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എഴുകോൺ പഞ്ചായത്ത് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. പലചരക്ക്, പച്ചകറി കടകൾ മെഡിക്കൽ സ്റ്റോറുകൾ, റേഷൻ കടകൾ എന്നിവ മാത്രം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രവർത്തിക്കും. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും 10 വയസിൽ താഴെ പ്രായമുള്ള കുട്ടികളും 60 വയസിൽ കൂടുതൽ പ്രായമുള്ളവരും കർശനമായും വീടിന് പുറത്ത് ഇറങ്ങരുതെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ചടയമംഗലം എല്ലാ പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോൺ
കടയ്ക്കൽ :ചടയമംഗലം നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു . കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് പരിശോധനയ്ക്ക് മൊബൈൽ ലാബ് സംവിധാനം ഒരുക്കി ആളുകളെ സഹായിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ഡി. ചന്ദ്രബോസ് ആവശ്യപ്പെട്ടു. കൊവിഡ് പരിശോധന ഫലം നേരത്തെ അറിയാൻ കഴിയാത്തത് രോഗി കളിൽ മാനസിക സംഘർഷത്തിന് ഇടയാക്കുന്നുണ്ട് . കൊവിഡ് നെഗറ്റീവ് ആകുന്നവരുടെ വിവരം ഫോണിൽ മെസേജായി അറിയിക്കണമെന്നും ഡി. ചന്ദ്രബോസ് ആവശ്യപ്പെട്ടു.
നെടുവത്തൂരിൽ ആരും അറിഞ്ഞമട്ടില്ല
കൊല്ലം: നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കിയത് നാട്ടുകാർ അറിഞ്ഞമട്ടില്ല. മിക്ക റോഡുകളിലും പതിവുപോലെ യാത്രാ വാഹനങ്ങളുണ്ട്. ഗ്രാമീണ ചായക്കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലാത്തതാണ് ആളുകൾ ഇറങ്ങി സഞ്ചരിക്കാൻ ഇടയാക്കുന്നത്. പുത്തൂർ പട്ടണത്തിൽ റോഡിന്റെ ഒരു വശം നെടുവത്തൂർ പഞ്ചായത്തിലും മറുവശം കുളക്കട, പവിത്രേശ്വരം പഞ്ചായത്തുകളിലുമാണ്. ഒരു വശം മാത്രം കടകൾ അടച്ചിട്ടിട്ട് ഫലം ഉണ്ടാകുന്നില്ല. വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവരുടെ എണ്ണത്തിലും കുറവില്ല. ഓട്ടോ സ്റ്റാൻഡുകളും തൊഴിലിടങ്ങളുമൊക്കെ പഴയപോലെ പ്രവർത്തിക്കുന്നു. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിന്റെ ചട്ടങ്ങൾ പലർക്കും അറിയില്ല. പഞ്ചായത്തിന്റെ അറിയിപ്പ് ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ നൂറിലധികംപേർ ഉൾപ്പെട്ടതും ഇനിയും രോഗബാധയ്ക്ക് സാദ്ധ്യതയുള്ളതിനാലുമാണ് നെടുവത്തൂരിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കിയത്.
കൊട്ടാരക്കരയിൽ പിടിവിടുന്നു
കൊല്ലം: കൊട്ടാരക്കരയിൽ നിന്നും കൊവിഡ് അകന്നുപോകുന്നതിന്റെ ആശ്വാസം, മുസ്ളീം സ്ട്രീറ്റിൽ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. ഇന്നലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയിൽ 345 പേരുടെ ഫലം വന്നപ്പോൾ 12 പേർക്കാണ് പോസിറ്റീവായത്. ഒൻപത് പേരുടെ ഫലം വരാനുണ്ട്. ഇതിൽ കൊട്ടാരക്കര നഗരസഭയിലെ കരിക്കത്ത് മാത്രമാണ് ഒരു പോസിറ്റീവ് കേസുള്ളത്. ഓടനാവട്ടത്ത് രണ്ടുപേർക്കും കരീപ്ര ഇടയ്ക്കിടത്തും നെടുവത്തൂരും മൈലം പള്ളിക്കലിലും ഒരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കി വെട്ടിക്കവലയിലുള്ളവർക്കാണ്. കൊട്ടാരക്കര നഗരസഭയിലടക്കം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കി കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
പുനലൂർ അഞ്ച് വാർഡുകൾ കൂടി കണ്ടൈയ്ൻമെന്റ് സോണിൽ
പുനലൂർ : നഗരസഭയിലെ അഞ്ച് വാർഡുകൾ കൂടി കണ്ടൈയ്ൻമെന്റ് സോണിൽ. കലയനാട്,ഗ്രേസിങ്ബ്ലോക്ക്, താമരപ്പള്ളി,കാരയ്ക്കാട്,വാളക്കോട് എന്നീ വാർഡുകളാണ് ഉൾപ്പെടുത്തിയത്. താമരപ്പള്ളിവാർഡിലെ വ്യാപാരിക്കും, ഭാര്യക്കും സഹായത്തിനുനിന്ന യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചതിനാലും വാളക്കോട് റേഷൻ കടയിൽ തലച്ചിറയിൽ നിന്നും എത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലുമാണ് ഈ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. എന്നാൽ റേഷൻ കടയിലെ വ്യാപാരിക്ക് പരിശോധനാഫലം നെഗറ്റീവ് ആണ്. തുടർന്നും സർക്കാരിന്റെയും നഗരസഭയുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സ്വയം നിയന്ത്രണം ഉണ്ടാകണമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.