pic
pic

പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് കാരാംകോട് പിതാവ് മക്കളെ പീഡിപ്പിച്ചതായി പരാതി.കുന്നിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മൂത്തകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടറോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്.ഡോക്ടർ കൊല്ലം ചൈൽഡ്ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ
കുന്നിക്കോട് പൊലീസ് അന്വേഷണം നടത്തി കേസെടുത്തു. വെള്ളിയാഴ്ച വനിത പൊലീസുകാർ കുട്ടിയുടെ മൊഴിയെടുക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് മാസം മുൻപ് ഇളയ കുട്ടിയുടെ ചികിത്സാ ആവശ്യത്തിനായി അമ്മ തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു. ആ ദിവസങ്ങളിലാണ് പിതാവ് പീഡിപ്പിച്ചതെന്ന് പന്ത്രണ്ടുവയസുകാരിയായ കുട്ടി മൊഴി നൽകി. .ഈ കുട്ടിയുടെ എട്ടു വയസുള്ള സഹോദരിയും പീഡനത്തിനിരയായതായി പരാതി നൽകി. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഈ കുട്ടിയെയും അടുത്ത ദിവസം ചൈൽഡ് ലൈനിന്റെ കൗൺസിലിംഗിന് വിധേയമാക്കി കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് അന്വേഷണഉദ്യോഗസ്ഥർ പറഞ്ഞു.വനിത കമ്മീഷൻ അംഗം ഷാഹിദാ കമാൽ കുന്നിക്കോട് എത്തി ഇവരുടെ വീട് സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു.കുട്ടിയ്ക്ക് പിതാവിന്റെ ഭീഷണി ഉണ്ടായിരുന്നുവെന്ന് ഷാഹിദ കമാൽ പറഞ്ഞു.
പുനലൂർ ഡി .വൈ. എസ്. പി അനിൽദാസിന്റെ നിർദ്ദേശത്തെ തുടർന്ന് കുന്നിക്കോട് സി.ഐ മുബാറക്കാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.