liqour-sale

കൊല്ലം: ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളിൽ നിന്ന് ബെവ്ക്യൂ ആപ്പ് മുഖേന ടോക്കൺ എടുക്കാത്തവർക്കും മദ്യം വിൽക്കുന്നതായി പരാതി. ബെവ്ക്യൂ ആപ്പില്ലാത്തവർക്ക് മദ്യം നൽകിയെന്ന പരാതിയിൽ ജില്ലയിലെ ഒരു ബാറിനെതിരെ അടുത്തിടെ എക്സൈസ് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ മദ്യവില്പനശാലകളിൽ നടക്കുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച് അന്വേഷണം ഉണ്ടാകുന്നില്ലെന്നാണ് വിമർശനം. ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യമെന്ന നിയന്ത്രണവും പാലിക്കപ്പെടാറില്ല.

കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ബെവ്ക്യൂ ആപ്പിലൂടെ മദ്യം ഓർഡർ ചെയ്യാൻ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷേ കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർ മദ്യം വാങ്ങാനായി ബെവ്ക്യൂ ആപ്പിലൂടെ ലഭിച്ച ടോക്കൺ നമ്പരുമായി ഔട്ട്ലെറ്റുകളിൽ എത്തുന്നുണ്ട്. രോഗവ്യാപന സാധ്യത നിലനിൽക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തേക്കുപോകാൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്.

മദ്യവില്പന ശാലകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാനായി സർക്കാർ തയ്യാറാക്കിയ ആപ്പിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന ക്രമക്കേടുകൾ ഉണ്ടായിട്ടും എക്സൈസും സർക്കാർ സംവിധാനങ്ങളും ഇടപെടാത്തത് ഏറെ വിമർശിക്കപ്പെടുന്നുണ്ട്.

 ചില്ലറ വില്പനക്കാർ മദ്യം സംഭരിക്കുന്നു

കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളം സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയേക്കുമെന്ന ധാരണയിൽ ചില്ലറ വില്പന സംഘങ്ങൾ വൻതോതിൽ മദ്യം സംഭരിച്ച് തുടങ്ങിയിട്ടുണ്ട്. ഇവർക്ക് നിയന്ത്രണങ്ങളില്ലാതെ ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം ലഭിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് മദ്യവില്പനശാലകൾ പ്രവർത്തിക്കില്ലെന്നും ചില്ലറ വില്പനയിലൂടെ നേട്ടമുണ്ടാക്കാമെന്നും പ്രതീക്ഷിക്കുന്ന സംഘങ്ങൾക്ക് സാധാരണ നിരക്കിനേക്കാൾ കൂടുതൽ വില ഈടാക്കിയാണ് മദ്യം നൽകുന്നത്.