പാരിപ്പള്ളി: പാരിപ്പള്ളി കടമ്പാട്ടുകോണത്ത് നൂറോളം പേർ തടിച്ചുകൂടിയ കാലിച്ചന്ത കളക്ടറുടെ ഇടപെടലിനെ തുടർന്ന് പൊലീസെത്തി അടപ്പിച്ചു. കൊവിഡ് ഭീഷണി നിലനിൽക്കെ തുടർച്ചയായി ആളുകൾ തടിച്ചുകൂടിയിട്ടും പൊലീസ് അനങ്ങാഞ്ഞതോടെ പ്രദേശവാസികൾ നേരിട്ട് കളക്ടർക്ക് പരാതി നൽകുകയായിരുന്നു.
ഇന്നലെ പുലർച്ചെ വിവിധ തമിഴ്നാട്ടിൽ നിന്നടക്കം അഞ്ഞൂറോളം കാളകളെ ചന്തയിൽ എത്തിച്ചിരുന്നു. രാവിലെ ഏഴ് മണിയോടെ പൊലീസ് എത്തിയപ്പോൾ കാളചന്ത നടത്തിപ്പുകാരനായ പ്രാദേശിക നേതാവ് സ്ഥലംവിട്ടു. സ്ഥലത്തുണ്ടായിരുന്ന കച്ചവടക്കാരിൽ ഒരുവിഭാഗവും ഓടിരക്ഷപ്പെട്ടു. പിന്നീട് പൊലീസ് കച്ചവടക്കാരെ വിളിച്ചുവരുത്തി മാടുകളെ ലോറികളിൽ കയറ്റി മടക്കി അയയ്ക്കുകയായിരുന്നു.
മാടുകളുമായി വരുന്ന അന്യസംസ്ഥാന ലോറിക്കാർ സ്ഥലത്ത് തമ്പടിക്കുന്നതാണ് പ്രദേശവാസികളെ കൂടുതൽ ഭീതിയിലാഴ്ത്തുന്നത്. നിയമാനുസൃതമായ ലൈസൻസ് ഇല്ലാതെയാണ് ചന്ത പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്.