accident
കൊല്ലം കല്ലുംതാഴം ജംഗ്ഷനിൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽ തകർന്ന ആംബുലൻസ്

 കുഞ്ഞിന്റെ മൃതദേഹം കണ്ടത് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയ ശേഷം

കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹവുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നിന്ന് ചവറയിലേക്ക് വന്ന ആംബുലൻസും ലോറിയും ബൈപ്പാസിൽ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പത്തേമുക്കാലോടെ കല്ലുംതാഴത്തായിരുന്നു അപകടം.

മേവറത്ത് നിന്ന് ബൈപ്പാസിലൂടെ വന്ന ആംബുലൻസും കരിക്കോട് ഭാഗത്ത് നിന്ന് ലോഡുമായി വന്ന ലോറിയും സിഗ്നൽ മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ആംബുലൻസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് ചരിഞ്ഞാണ് നിന്നത്. നാട്ടുകാരും യാത്രക്കാരും ചേർന്ന് ആംബുലൻസ് ഉയർത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പൊലീസും നാട്ടുകാരും ചേർന്ന് ആംബുലൻസിനുള്ളിൽ പരിശോധിച്ചപ്പോഴാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ ട്രേയിൽ കണ്ടത്. കുഞ്ഞിന് പരിക്കേറ്റതാണെന്ന ധാരണയിൽ ഉടൻ പൊലീസ് വാഹനത്തിൽ ബൈപ്പാസിലെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് മൃതശരീരമാണെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. ഗുരുതര പരിക്കേറ്റ മൂന്നുപേരെ പാലത്തറയിലെ സഹകരണ ആശുപത്രിയിലും രണ്ടുപേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.