ശാസ്താംകോട്ട: പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാനരന്മാർക്ക് ഭക്ഷണം നൽകുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ലോക് ഡൗൺ തുടങ്ങിയ സമയത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാനരന്മാർക്ക് ഭക്ഷണം എത്തിച്ചിരുന്നു. കൊവിഡ് ഭീഷണിയെ തുടർന്ന് വീണ്ടും ശാസ്താംകോട്ടയിൽ കണ്ടെയ്ൻമെന്റ് സോണാക്കിയതോടെ താലൂക്കിന്റെ വിവിധ മേഖലയിലുള്ള പ്രവർത്തകർ ഭക്ഷണമെത്തിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്.താലൂക്കിലെ ബഹു ഭൂരിപക്ഷം മേഖലയും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലാണെന്നിരിക്കെ പല മേഖലയിലുള്ളവർ ശാസ്താംകോട്ടയിലെത്തുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഉറവിടം വ്യക്തമല്ലാത്ത സമ്പർക്കത്തിലൂടെ അമ്പതോളം രോഗികളുണ്ടായ ശാസ്താംകോട്ടയിൽ താലൂക്കിന്റെ പല മേഖലയിലുള്ളവരും വന്നു പോകുമ്പോഴും പഞ്ചായത്ത് മൗനം പാലിക്കുകയാണ്. ഒരു പ്രദേശത്ത് ഇരുപതോളം കുടുംബങ്ങൾ ചേർന്ന് ചെറിയ യൂണിറ്റായി പ്രവർത്തിച്ച് മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന ജില്ലാകളക്ടറുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശം മറികടന്നാണ് വാനരന്മാർക്ക് ഭക്ഷണവുമായി ശാസ്താംകോട്ടയിലെത്തുന്നത്. അമ്പലവാസികളായ അമ്പല കുരങ്ങുകൾക്ക് ആവശ്യമായ ഭക്ഷണം ക്ഷേത്രത്തിൽ ഒരുക്കുന്നുണ്ട്. ചന്ത കുരങ്ങുകളുടെ എണ്ണം കുറയ്ക്കുന്നതിന് പഞ്ചായത്ത് പല പദ്ധതികളും ആസൂത്രണം ചെയ്തെങ്കിലും എവിടെയുമെത്തിയില്ല. വാനരന്മാർ സമീപ പ്രദേശത്തെ കൃഷിയും കായ്കനികളും നശിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ മുമ്പും ഉണ്ടായിട്ടുണ്ട് .വാനരന്മാർക്ക് ഭക്ഷണം നൽകുന്നതിന് പഞ്ചായത്ത് അടിയന്തരമായി ഇടപ്പെട്ട് സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് നാട്ടുകാർ.