covid
കൊ​ല്ലം​ ​പു​ള്ളി​ക​ട​ ​കോ​ള​നി​യി​ലേ​ക്കു​ള്ള​ ​വ​ഴി​ ​പൊ​ലീ​സ് ​ബാ​രി​ക്കേ​ഡ് ​ഉ​പ​യോ​ഗി​ച്ച് ​അ​ട​ച്ച​പ്പോൾ

കൊല്ലം: കൊവിഡ് അതിതീവ്ര വ്യാപന മേഖലകൾ കേന്ദ്രീകരിച്ച് രൂപം നൽകിയ ക്ളസ്റ്ററുകളിൽ നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കും. സമ്പർക്കത്തിലൂടെ അതിതീവ്ര വ്യാപനമുണ്ടായ മേഖലകൾ കേന്ദ്രീകരിച്ച് ജില്ലയിൽ 14 ക്ലസ്റ്ററുകളുണ്ട്. ക്ലസ്റ്ററുകളിലെ പരമാവധി ജനങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ, ഗർഭിണികൾ, ചെറിയ രോഗ ലക്ഷണങ്ങളുള്ളവർ, മറ്റ് അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ തുടങ്ങിയവർക്കാണ് മുൻഗണന. മുഴുവൻ ക്ലസ്റ്ററുകളം അതീവ ശ്രദ്ധ ആവശ്യമായ ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളാക്കിയിട്ടുണ്ട്.

 എന്താണ് ക്ലസ്റ്ററുകൾ?

ഏതെങ്കിലും ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് വലിയ തോതിൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് പ്രദേശത്തെ ക്ലസ്റ്ററാക്കി മാറ്റുന്നത്. ക്ലസ്റ്ററുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെട്ട റെസ്പോൺസ് ടീമാണ്. തുടർന്ന് പ്രത്യേകമായി രൂപീകരിക്കുന്ന കൺട്രോൾ റൂമിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങളുടെ ഏകോപനം. പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണാക്കി നിശ്ചയിച്ച് ജനങ്ങളുടെ പരസ്പര സമ്പർക്കവും പുറത്തേക്കുള്ള യാത്രകളും തടയും. അവസാനം കൊവിഡ് രോഗം സ്ഥിരീകരിച്ച് ഏഴ് ദിവസത്തിന് ശേഷം അവിടെ പുതിയ കൊവിഡ് പോസിറ്റീവ് കേസ് ഇല്ലെങ്കിൽ മാത്രമാണ് പ്രദേശത്തെ ക്ലസ്റ്ററിൽ നിന്ന് ഒഴിവാക്കുന്നത്.

 ജില്ലയിലെ ക്ലസ്റ്ററുകൾ

1. പൊഴിക്കര

2. ഇരവിപുരം

3. ചവറ

4. പന്മന

5. ആലപ്പാട്

6. കൊട്ടാരക്കര

7. അഞ്ചൽ

8. എരൂർ

9. ചിതറ

10. ഇടമുളയ്ക്കൽ

11. ഇളമാട്

12. തലച്ചിറ

13. നെടുമ്പന

14. ശാസ്താംകോട്ട

 ക്ലസ്റ്ററുകളിലെ നിയന്ത്രണങ്ങൾ

1. 10 മുതൽ 15 വരെ വീടുകൾ അടങ്ങുന്ന ക്ലസ്റ്റർ ഗ്രൂപ്പുകൾ രൂപീകരിക്കും

2. വാർഡുതല കർമ്മ സമിതിയുടെ പ്രവർത്തനം ശക്തമാക്കും

3. ക്ളസ്റ്റർ ഗ്രൂപ്പുകൾ തമ്മിൽ പരസ്പര സമ്പർക്കം ഒഴിവാക്കണം

4. ഗ്രൂപ്പിനുള്ളിലെ അംഗങ്ങൾക്കിടയിൽ ശാരീരികഅകലം ഉറപ്പാക്കും

5. അത്യാവശ്യങ്ങൾക്ക് പുറത്ത്‌ പോകുന്നവരുടെ വിവരം രേഖപ്പെടുത്തും

6. തദ്ദേശ സ്ഥാപനങ്ങൾ നേതൃപരമായ ഇടപെടൽ നടത്തും. വാർഡുതല ഏകോപനച്ചുമതല പഞ്ചായത്ത് അംഗങ്ങൾക്കും കൗൺസിലർമാർക്കും

7. ജില്ലാ ഭരണകൂടം വികസിപ്പിച്ചെടുത്ത ഡോർ ടു ഡോർ ആപ്പിന്റെ ഉപയോഗം വ്യാപാര സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തണം

8. പരമാവധി വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകണം (രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ സൗജന്യമായും അത് കഴിഞ്ഞ് നിശ്ചിത തുകയും ഈടാക്കാം).

9. കടകളിൽ പകുതി മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ വീതം പ്രവർത്തിപ്പിക്കാം

10. വ്യാപാരികളുമായി ചർച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കാം

ക്ലസ്റ്ററുകളിൽ റിവേഴ്സ് ക്വാറന്റൈൻ കർശനമായി നടപ്പിലാക്കും. 65 കഴിഞ്ഞവർ, പത്ത് വയസിൽ താഴെയുള്ള കുട്ടികൾ, പ്രമേഹം,​ ഹൃദ്രോഗം,​ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവർ,​ ഗർഭിണികൾ തുടങ്ങിയവർ നിർബന്ധമായും സമ്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയണം.

ഡോ. ആർ. ശ്രീലത, ജില്ലാ മെഡിക്കൽ ഓഫീസർ