photo
കോഴിക്കോട് ക്ഷീരോല്പാദക സഹകരണ സംഘം.

കരുനാഗപ്പള്ളി: കൊവിഡ് വന്നതോടെ ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ പ്രവർത്തനവും പ്രതിസന്ധിയിലാകുന്നു.പാലിന്റെ ദിവസേനയുള്ള വില്പനയിൽ വന്ന കുറവാണ് സംഘങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണി ആകുന്നത്. നൂറ് കണക്കിന് ക്ഷീര കർഷകരാണ് ക്ഷീര സംഘങ്ങളെ ആശ്രയിച്ച് ജീവിക്കുന്നത്. സംഘങ്ങളിൽ പാല് വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വന്ന കുറവാണ് സംഘത്തിന്റെ വരുമാനത്തിൽ ഇടിച്ചിൽ ഉണ്ടാകാൻ കാരണം. . ലോക്ക് ഡൗണും , ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണും എല്ലാ കൂടി ആയപ്പോൾ ആളുകൾ പുറത്തിറങ്ങാതായി. കൊവിഡിന്റെ സാമൂഹ്യ വ്യാപനത്തിന് മുമ്പ് വരെ ഉപഭോക്താക്കൾ സംഘങ്ങളിൽ എത്തിയാണ് പാല് വാങ്ങിയിരുന്നത്. അപൂർവം സംഘങ്ങൾ മാത്രമാണ് പാല് റൂട്ടുകളിൽ കൊണ്ട് പോയി കമ്മീഷൻ വ്യവസ്ഥയിൽ വില്പന നടത്തുന്നത്.

കുറഞ്ഞ വിലക്ക് മിൽമക്ക് പാൽ നൽകുന്നു

ഒരു ലിറ്റർ പാലിന് സർക്കാർ നിശ്ചയിച്ച വില 48 രൂപയാണ്. ചില്ലറ വില്പനയിൽ നിന്നും കിട്ടുന്ന വരുമാനമാണ് സംഘത്തിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്നത്. ചില്ലറ വില്പനക്ക് ശേഷം വരുന്ന പാലാണ് മിൽമക്ക് നൽകുന്നത് .ഒരു ലിറ്റർ പാലിന് 38 രൂപായാണ് മിൽമ നൽകുന്നത്. . കൊവിഡിന്റെ സാമൂഹ്യ വ്യാപനം വർദ്ധിച്ചതോടെ പാലിന്റെ വില്പനയിൽ ഗണ്യമായ കുറവാണ് സംഘങ്ങൾക്ക് ഉണ്ടാകുന്നത്. . ഇത് സംഘത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു നിലവിൽ സംഘത്തിൽ ശേഖരിക്കുന്ന പാലിന്റെ 75 ശതമാനവും മിൽമക്ക് കുറഞ്ഞ വിലക്ക് നൽകുകയാണ്.

ആനുകൂല്യങ്ങൾ നിർത്തലാക്കും

സംഘങ്ങളുടെ വരുമാനത്തിൽ ഉണ്ടാകുന്ന ഇടിവ് ക്ഷീര കർഷകരേയും പ്രതികൂലമായി ബാധിക്കും. കർഷകർക്ക് നിലവിൽ സംഘങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പലതും നിർത്തലാക്കേണ്ടി വരുമെന്നാണ് പറയുന്നത്. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ 35 ക്ഷീരോല്പാദക സഹകരണ സംഘങ്ങളാണ് ഉള്ളത്.

പാല് ബുക്ക് ചെയ്യാൻ ഓൺലൈൻ ആപ്പ്

ഉപഭോക്താക്കൾക്ക് ഓൺ ലൈൻ ആയി പാല് ബുക്ക് ചെയ്യുന്നതിനുള്ള ആപ്പ് നിലവിൽ വന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. സംഘങ്ങളുടെ സെക്രട്ടറിമാരുടെ മൊബൈൽ ഫോണിലേക്കായിരിക്കും ബുക്ക് ചെയ്യേണ്ടത്. സംഘങ്ങൾ പാൽ വിതരണത്തിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

ഒരു ലിറ്റർ പാലിന് വില 48 രൂപ

മിൽമ നൽകുന്നത് 38 രൂപാ