കൊല്ലം: പ്രളയമുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും വർദ്ധിച്ചിട്ടും ജില്ലയിലെ ഒരു ഡഡനിലധികം സ്ഥലങ്ങളിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം കടലാസിൽ വിശ്രമിക്കുന്നു. വിവിധ മേഖലകളിലെ ഫയർ സ്റ്റേഷനുകളുടെ പ്രാധാന്യം സഹിതം പത്ത് വർഷത്തിനകം സമർപ്പിച്ച റിപ്പോർട്ടുകളിലാണ് തുടർനടപടിയില്ലാത്തത്. ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന പരബ്രഹ്മക്ഷേത്രം, അഴീക്കൽ ഹാർബർ, അഴീക്കൽ തീരദേശം, വള്ളിക്കാവ് അമൃതാനന്ദമയീമഠം തുടങ്ങിയ സ്ഥലങ്ങളിൽ അപകടങ്ങളുണ്ടായാൽ കരുനാഗപ്പള്ളി ഫയർഫോഴ്സിനെയാണ് ആശ്രയിക്കുന്നത്. ദേശീയപാതയിൽ ചവറ കഴിഞ്ഞാൽ കൊല്ലം വരെ കിലോമീറ്ററുകളോളം അഗ്നിശമന സേനയുടെ സേവനത്തിന് മാർഗമില്ല. ശക്തികുളങ്ങരയിൽ അഗ്നിശമനനിലയം വേണമെന്നുള്ളത് കാലങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ്. പുത്തൂരും പട്ടാഴിയിലും ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കുണ്ടറ കഴിഞ്ഞാൽ ശാസ്താംകോട്ട വരെയുള്ള കല്ലട മേഖലയിലും അഗ്നിശമനസേനയില്ല. പത്തനാപുരത്തും പുനലൂരിലുമുള്ള അഗ്നിശമന സേനയാണ് ആര്യങ്കാവ് വരെയുള്ള പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ഏക ആശ്രയം.
ജില്ലയിൽ ഫയർഫോഴ്സിന്റെ സേവനം ഏറ്റവും ആവശ്യമായ മേഖലകൾ ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഘട്ടം ഘട്ടമായെങ്കിലും ഇവിടങ്ങളിൽ ഫയർ സ്റ്റേഷൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ.
കെ. ഹരികുമാർ, ജില്ലാ ഫയർ ഓഫീസർ, കൊല്ലം
കൊല്ലം ജില്ലയിൽ അഗ്നിശമനസേനാ നിലയങ്ങൾ വേണ്ട സ്ഥലങ്ങൾ
1. ഓച്ചിറ
2. ശക്തികുളങ്ങര
3. കൊട്ടിയം
4. പാരിപ്പള്ളി
5. ഓയൂർ
6. അഞ്ചൽ
7. തെന്മല
8.കുളത്തൂപ്പുഴ
9. പട്ടാഴി
10. പുത്തൂർ
11. എഴുകോൺ
12. കിഴക്കേക്കല്ലട
നഗരഹൃദയം ഏറക്കുറേ സുരക്ഷിതം:
പാരിപ്പള്ളിയിൽ ഫയർ സ്റ്റേഷൻ വേണം
കൊല്ലത്ത് കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽ രണ്ട് നിലയങ്ങളുള്ളതിനാൽ നഗരഹൃദയം കുറച്ചെങ്കിലും സുരക്ഷിതമാണ്. ആറ്റിങ്ങൽ വരെ ദേശീയപാതയോരത്ത് ഒരു ഫയർ സ്റ്റേഷൻ പോലുമില്ല. കൊല്ലം ബൈപ്പാസ്, മേവറം, മൈലക്കാട്, ഇത്തിക്കര എന്നിവിടങ്ങളിൽ കൊല്ലത്തോ പരവൂരോ നിന്ന് വേണം സേനയെത്താൻ. ഐ.ഒ.സി ഗ്യാസ് പ്ളാന്റ്, മെഡിക്കൽ കോളേജ് എന്നിവ സ്ഥിതി ചെയ്യുന്ന പാരിപ്പള്ളിയിൽ അഗ്നിശമനനിലയം ആവശ്യമാണ്. ജില്ലാ അതിർത്തിയായ നാവായിക്കുളത്ത് നിലയത്തിനായി തിരുവനന്തപുരം ജില്ലാകളക്ടറുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തിയെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. പരവൂരിൽ നിന്നുള്ള ഫയർഫോഴ്സാണ് ഇവിടങ്ങളിലെ ആശ്രയം.
എം.സി റോഡ്
എം.സി റോഡിൽ കൊട്ടാരക്കര കഴിഞ്ഞാൽ വെഞ്ഞാറമൂടും അടൂരും മാത്രമാണ് ഫയർസ്റ്റേഷനുള്ളത്. ഓയൂർ, അഞ്ചൽ എന്നിവിടങ്ങളിൽ അഗ്നിശമനസേനയുടെ സാനിദ്ധ്യം അത്യാവശ്യമാണ്. ശാസ്താംകോട്ട കഴിഞ്ഞാൽ കൊട്ടാരക്കര റൂട്ടിൽ മിനി ഫയർ സ്റ്റേഷൻ പോലുമില്ല.