കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ന് മുതൽ നിയന്ത്രണം. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് സാമൂഹ്യ അകലം ഉറപ്പാക്കാൻ കഴിയാത്ത തരത്തിൽ തിരക്ക് വർദ്ധിക്കുകയാണ്. തുടർച്ചയായി ബോധവത്കരണം നടത്തിയിട്ടും കേൾക്കാൻ തയ്യാറാകാത്തവരെ കർശന നിയമ നടപടികളിലൂടെ പിൻമാറ്റാനാണ് തീരുമാനം. കൊല്ലം നഗരത്തിലുൾപ്പെടെ കൊച്ചു കുട്ടികളുമായി വ്യാപാര കേന്ദ്രങ്ങൾ കയറിയിറങ്ങി നടക്കുന്നവരുമുണ്ട്. ഇത്തരക്കാരുടെ അനാവശ്യ യാത്രകൾ തടയുകയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം. നിയന്ത്രണങ്ങൾ അവഗണിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങണം
ഇരട്ട അക്കങ്ങളിലും പൂജ്യത്തിലും അവസാനിക്കുന്ന വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ
ഞായറാഴ്ച അടിയന്തര ആവശ്യങ്ങൾക്ക് മാത്രം വാഹനങ്ങൾ ഉപയോഗിക്കുക
അവശ്യ സർവീസിന്റെ ഭാഗമായുള്ള ജീവനക്കാർക്ക് ഓഫീസിൽ പോകാൻ നിയന്ത്രണങ്ങൾ ബാധകമല്ല
ജില്ലയിലൂടെ കടന്ന് പോകുന്ന മറ്റ് ജില്ലയിലെ വാഹനങ്ങൾക്ക് ബാധകമല്ല
ഇവിടെ നിന്ന് ഇതര ജില്ലകളിലേക്ക് പോകുന്നവർക്കും നിയന്ത്രണങ്ങളില്ല
ഇന്ന് രാവിലെ ആറ് മുതൽ ജില്ലയിലെ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ നിലവിൽ വരും.
ബി. അബ്‌ദുൽനാസർ, ജില്ലാ കളക്ടർ