munroe

 ജലവിതരണം നിലച്ചിട്ട് ഒരുമാസം

 കാരണം കണ്ടെത്താനാകുന്നില്ല

കൊല്ലം: ജില്ലയുടെ പല ഭാഗങ്ങളിലും മഴ നാശം വിതയ്ക്കുമ്പോഴും മൺറോത്തുരുത്തിലെ നെന്മേനി, കണ്ട്രാംകാണി പ്രദേശങ്ങളിലെ 150 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി കേഴുന്നു. ഇവരുടെ വീടുകളിലേക്ക് പൈപ്പ്ലൈനിലൂടെയുള്ള ജലവിതരണം നിലച്ചതോടെയാണ് ദുരിതകാലം ആരംഭിച്ചത്.

മൺറോത്തുരത്തിലെ അഞ്ച് കുഴൽക്കിണറുകളിൽ പട്ടംതുരുത്തിലേതിൽ നിന്നാണ് നെന്മേനി, കണ്ട്രാംകാണി ഭാഗത്തേക്ക് വെള്ളമെത്തുന്നത്. ഒരു മാസം മുമ്പ് പെട്ടെന്ന് പൈപ്പിലൂടെയുള്ള ജലലഭ്യത നിലയ്ക്കുകയായിരുന്നു. പൈപ്പ് എവിടെയോ പൊട്ടിയതോ ഒഴുക്ക് തടസപ്പെട്ടതോ ആണ് കാരണം. പക്ഷെ എവിടെയാണ് പ്രശ്നമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

നാട്ടുകാർ നിരന്തരം കയറിയിറങ്ങിയെങ്കിലും അറ്റകുറ്റപ്പണിയുടെ കരാറുകാരന് തൊഴിലാളികളെ കിട്ടുന്നില്ലെന്ന് പറഞ്ഞ് ജല അതോറിറ്റി ഒഴിഞ്ഞുമാറി. പലയിടങ്ങളിലും വെള്ളത്തിനടിയിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്. അതുകൊണ്ട് എവിടെയെങ്കിലും പൈപ്പ് പൊട്ടി ജലം ചോരുകയാണോയെന്ന് നാട്ടുകാർക്കും കണ്ടെത്താനാകുന്നില്ല. രണ്ട് ദിവസം മുമ്പ് തൊഴിലാളികളെത്തി അവിടെയും ഇവിടെയുമായി വെട്ടിക്കുഴിച്ച് നോക്കിയെങ്കിലും ഗുണമുണ്ടായില്ല.

കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി കൃത്യമായി നടത്താഞ്ഞതാണ് മൺറോത്തുരുത്തിലെ സ്ഥിതി ദയനീയമാക്കിയത്. മറ്റു പല പ്രദേശങ്ങളിലും കുഴൽക്കിണറുകളിലെ പമ്പുകൾ പണിമുടക്കി ആഴ്ചകളോളം കുടിവെള്ളം മുടങ്ങാറുണ്ട്. കേടാകുന്ന പമ്പുകൾക്ക് പകരം ഉപയോഗിക്കാൻ അധികമായി ഒരെണ്ണം കൂടി വാങ്ങണമെന്ന് നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പഞ്ചായത്തും ജല അതോറിറ്റിയും തയ്യാറാകുന്നില്ല.

 കിണർ കുഴിക്കാനാകില്ല

ജലനിരപ്പ് വളരെ ഉയർന്നുനിൽക്കുന്നതിനാൽ തുരുത്തിലെ ഭൂരിഭാഗത്തും സ്ഥലത്തും കിണർ കുഴിക്കാനാകില്ല. ഇതിനാൽ ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പുകളെയാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത്.

 വിലകൊടുത്ത് വാങ്ങണം, തലച്ചുമടായി എത്തിക്കണം

ജലവിതരണം മുടങ്ങിയതോടെ തുരുത്തിന് പുറത്തുനിന്നും വാഹനങ്ങളിലാണ് ചിലർ വെള്ളം കൊണ്ടുവരുന്നത്. ഒരു ദിവസം നാന്നൂറ് രൂപയോളം ഇതിനായി ചെലവാകും. ഈ വെള്ളമാകട്ടെ വിശ്വസിച്ച് ഉപയോഗിക്കാനാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റു ചിലർ രണ്ട് കിലോമീറ്ററിലേറെ നടന്ന് തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്.