photo
അഞ്ച് വർഷം മുൻപ് കൊട്ടാരക്കയിൽ എത്തിയ എ.പി.ജെ അബ്ദുൾ കലാം

കൊല്ലം: ലാളിത്യം മുഖമുദ്രയാക്കിയും വാക്കും ജീവിതവും ജനതയ്ക്ക് പ്രചോദനമാക്കിയും കടന്നുപോയ അബ്ദുൾ കലാമിന്റെ ഓർമ്മകളുടെ അലയടികൾ ഇപ്പോഴും കൊട്ടാരക്കരയിലുണ്ട്. മരണം കവർന്നെടുത്ത് അഞ്ചാണ്ട് തികയുമ്പോഴും ആ അഗ്നിച്ചിറകുകൾ തളർന്നിട്ടില്ല. അപ്രതീക്ഷിതമായെത്തിയ വിശിഷ്ടാതിഥിയെ സ്വീകരിച്ചതിന്റെ ഉൾപുളകത്തിലാണ് കൊട്ടാരക്കരക്കാർ. 2015 മേയ് ഏഴിനാണ് പത്തനാപുരം ഗാന്ധിഭവനിലെ ചടങ്ങിൽ പങ്കെടുത്തശേഷം കലാം കൊട്ടാരക്കര പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലെത്തിയത്. ഒന്നര മണിക്കൂർ മാത്രമേ ഇവിടെ തങ്ങിയുള്ളൂവെങ്കിലും നാടിന്റെ ഹൃദയം കവർന്നാണ് അന്ന് ഭാരതത്തിന്റെ വിശ്വപൗരൻ യാത്രയായത്. ഒറ്റ ദിവസംകൊണ്ടായിരുന്നു കലാമിനെ സ്വീകരിക്കാൻ ചുവരുകളിൽ ചായംപൂശി ഗസ്റ്റ് ഹൗസ് ഒരുങ്ങിയത്. ആഡംബരങ്ങളോ മുൻ രാഷ്ട്രപതിയുടെ ഗർവോ ഇല്ലാതെ ഗസ്റ്റ് ഹൗസിലെ സാധാരണ മുറിയിലായിരുന്നു വിശ്രമം. കലാം എത്തുന്നതറിഞ്ഞ് കുട്ടികൾ പനിനീർ പൂക്കളും ഓട്ടോഗ്രാഫുമായി കാത്തുനിന്നിരുന്നു. കാറിൽ നിന്നും ഇറങ്ങിയ ഉടൻ സുരക്ഷയുടെ കാർക്കശ്യം കാട്ടാതെ കുട്ടികളുടെ അടുത്തേക്ക് അദ്ദേഹം ഓടിയെത്തി. കുശലം പറഞ്ഞും സെൽഫിയ്ക്ക് മുഖം നൽകിയും ചിരിച്ചുകൊണ്ട് കുട്ടികൾക്കൊപ്പം അദ്ദേഹം നിറഞ്ഞുനിന്നു. അടപ്രഥമൻ ഉൾപ്പടെയുള്ള സദ്യയും ദോശയും ചമ്മന്തിയുമായിരുന്നു ഉച്ചഭക്ഷണത്തിന് കരുതിയിരുന്നത്. വിശ്രമത്തിന് ശേഷം പുറത്തേക്കിറങ്ങിയപ്പോൾ യൂണിഫോമിട്ട വനിതാ പൊലീസുകാരിയും സല്യൂട്ട് നൽകിയിട്ട് ശങ്കയോടെ ഓട്ടോഗ്രാഫ് നീട്ടി. സന്ദേശമെഴുതി ഒപ്പിട്ടതിനൊപ്പം ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കലാം മനസുകാട്ടി. പറഞ്ഞുകേട്ടതിനെക്കാൾ വലിയ മനുഷ്യനാണ് അദ്ദേഹമെന്ന് നേരനുഭവത്തിലൂടെ കൊട്ടാരക്കരക്കാർ അറിഞ്ഞു. അലസമായ മുടിയിഴകളും ജ്ഞാനം തിളങ്ങുന്ന കണ്ണുകളും പുഞ്ചിരിവിടരുന്ന ചുണ്ടുമായി എല്ലാവരോടും യാത്രപറഞ്ഞ് കലാം മടങ്ങിയപ്പോൾ ഇനിയൊരിക്കൽക്കൂടി അദ്ദേഹത്തെ കാണാൻ കഴിഞ്ഞെങ്കിലെന്ന് പലരും മോഹിച്ചു. കഷ്ടിച്ച് ഒന്നര മാസമെത്തിയപ്പോഴേക്കും അദ്ദേഹം തിരിച്ചുവരാത്തിടത്തേക്ക് അഗ്നിച്ചിറകുകൾ വീശി പറന്നുപോയി. ലാളിത്യത്തിന്റെ ആൾരൂപമായ കലാമിന്റെ നിഷ്കളങ്കമായ ചിരിയും സൗമ്യതയോടെ തങ്ങളോട് സംവദിച്ചതിന്റെ ഓർമ്മകളും മറക്കാൻ കൊട്ടാരക്കരയ്ക്ക് കഴിയില്ല. പത്തനാപുരം ഗാന്ധിഭവനും ആ ഓർമ്മത്തിളക്കത്തിന്റെ സുഖാനുഭവത്തിലാണ്. ഇന്ന് കലാം അനുസ്മരണവും ഗാന്ധിഭവൻ സംഘടിപ്പിച്ചിട്ടുണ്ട്.