photo
അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആ.ർ.ഡി.ഒ. ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് രഞ്ജു സുരേഷ് എന്നിവർ സന്ദർശിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനീ സുരേഷ് സമീപം

അഞ്ചൽ: മേഖലയിൽ കൊവിഡ് വ്യാപനം കൂടുതലായതിനാൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. നിയന്ത്രിത മേഖലയായ ഇവിടെ റോഡിന്റെ ഇരുവശത്തുമുള്ള കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കാൻ അനുവാദമുള്ളൂ. തിങ്കളാഴ്ച മുതൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ അനുവദനീയമായ കടകൾ തുറക്കാൻ കഴിയൂ. വാഹനങ്ങൾക്കും കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അവസാനം ഒറ്റഅക്കനമ്പർ വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്ക വാഹനങ്ങളും മാത്രമേ റോഡിൽ ഇറങ്ങാൻ അനുവദിക്കുകയുള്ളൂ എന്ന് അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എൽ. അനിൽകുമാർ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കൊല്ലം റൂറൽ എസ്.പി. ഹരിശങ്കർ മിക്ക ദിവസങ്ങളിലും അഞ്ചൽ മേഖലയിൽ എത്തുന്നുണ്ട്. പൊലീസ് പട്രോളിംഗും സജീവമാക്കിയിട്ടുണ്ട്. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ പുറത്തിറങ്ങുന്നവരെയും വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നു. അഞ്ചൽ, അലയമൺ, ഏരൂർ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായി വ്യാപിച്ചിട്ടുള്ളത്. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തുണ്ട്. അഞ്ചൽ ഗവ. ഈസ്റ്റ് സ്കൂളിൽ ഒരുക്കിയിട്ടുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിഞ്ഞ ദിവസം പുനലൂർ ആ‌ർ.ഡി.ഒ. ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് എന്നിവർ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ഒരു കുടുംബത്തിലെ അഞ്ച് പേർക്കുൾപ്പടെ ഇരുപതിൽ പരം പേർക്ക് കൊവിഡ് ബാധിച്ച തഴമേലിൽ ഭാഗത്തേയ്ക്കുളള ഗതാഗതം പൊലീസ് പൂർണമായും വഴിയടച്ച് നിരോധിച്ചിരിക്കുകയാണ്.