കൊല്ലം: കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിൽ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ച് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം നേരത്തെ രോഗബാധിതരായ എട്ടുപേർക്ക് നെഗറ്റീവായി. എന്നാൽ ആശങ്കയ്ക്ക് ഇടയില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നഗരസഭാ പരിധിയിൽ ആറുപേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
മെച്ചപ്പെട്ട സന്നദ്ധ പ്രവർത്തനം
നഗരസഭ കൗൺസിലർ എ.ഷാജുവിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ സന്നദ്ധ പ്രവർത്തനമാണ് കൊവിഡിനെ പിടിച്ചുകെട്ടിയതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. സമ്പർക്കത്തിലൂടെ എട്ടുപേർക്ക് രോഗ വ്യാപനമുണ്ടായ വാർത്ത 19ന് ഉച്ചയോടെയാണ് അറിവായത്. മത്സ്യ- ഇറച്ചി വിൽപ്പനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നത് കൂടുതൽ ആശങ്ക ഉളവാക്കി. രാത്രിയോടെ 27 പേർക്ക് പോസിറ്റാവായ വാർത്ത പരന്നു. അടുത്ത ദിവസവും 21 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക കടുത്തു. രോഗബാധിതരെ ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയും എഴുന്നൂറിലധികംപേരുടെ സ്രവ പരിശോധന നടത്തുകയും ചെയ്തു. കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ വീടുകളിൽ ആദ്യ ദിനങ്ങളിൽത്തന്നെ ആയിരം രൂപ വിലവരുന്ന ഭക്ഷ്യധാന്യവും പച്ചക്കറിയുമടങ്ങുന്ന കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ഉടൻതന്നെ ഇടവഴികളുൾപ്പടെ യാത്രാവഴികൾ പൂർണമായും അടച്ചു. മരുന്നും വീട്ട് സാധനങ്ങളും ആവശ്യമുള്ളവർക്ക് സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിച്ചുനൽകി. പൊലീസ് പാസോടുകൂടി എട്ട് സന്നദ്ധ പ്രവർത്തകരെ ഇതിനുവേണ്ടി മാത്രം ചുമതലപ്പെടുത്തി. ഇന്നലെ 5 കിലോ വീതമുള്ള 250 കിറ്റ് അരി സമാഹരിച്ചു. ഇതിൽ 85 കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ശേഷിച്ചവ ഇന്ന് വിതരണം ചെയ്യും. എ.ഷാജുവിനൊപ്പം അൽ അമീനും ബാബു സുൾഫിക്കറും ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ ബഷീറും നിസാമും ഷിഫിലി നാസറും ഇജാസ് അഹമ്മദും അനൂബ് അസീസും അലീം മുഹമ്മദുമടക്കം സന്നദ്ധ പ്രവർത്തനങ്ങൾക്ക് തോളോട് തോൾ ചേരാൻ ചെറുപ്പക്കാർ മത്സരിക്കുന്നതും ഇവിടെ കാണാം.