kichu
കിച്ചു കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കൊപ്പം

കൊല്ലം: പതിവുപോലെ നടക്കാൻ ഇറങ്ങിയതായിരുന്നു കിച്ചു. ജനിച്ച നാൾ മുതൽ കാണുന്ന വഴിയിൽ അവൾ ആദ്യമായി അപകടത്തിൽപ്പെട്ടു. പാഞ്ഞെത്തിയ ബൈക്കിടിച്ച് ഇടത് കൈയൊടിഞ്ഞതിനൊപ്പം ശരീരമാകെ പൊള്ളി. വേദന സഹിച്ച് എങ്ങനെയൊക്കെയോ പതിവ് ആശ്രയമായ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി. പരിക്ക് ആരുടെയും ശ്രദ്ധയിൽപ്പെടുത്താതെ സ്റ്രേഷന്റെ ചുറ്റുവട്ടങ്ങളിൽ രണ്ട് ദിവസം കഴിച്ചുകൂട്ടി. എത്ര മറച്ചുപിടിച്ചിട്ടും മൂന്നാം ദിവസം അവളുടെ വേദനയും ദൈന്യതയും കാക്കിപ്പട തിരിച്ചറിഞ്ഞു...

പറഞ്ഞുവരുന്നത് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ കിച്ചു എന്ന വളർത്തുനായയെ സമാനതകളില്ലാതെ കരുതലിലൂടെ, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ രീതികളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പൊലീസ് ഇടപെടലിന്റെ കഥയാണ്.

വാഹനാപകടത്തിൽ പരിക്കേറ്റ് അവശയായ കിച്ചുവിനെ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി. നാഗരാജാണ് സ്വന്തം കുഞ്ഞിനെയെന്ന പോലെ വാരിയെടുത്ത് തേവള്ളിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചത്. എക്സ്റേ പരിശോധനകളിൽ ഇടത് കൈയിന്റെ എല്ലൊടിഞ്ഞതായി കണ്ടെത്തി. ഒടിഞ്ഞ എല്ല് ശസ്ത്രക്രിയയിലൂടെ നേരെയാക്കി. പൊള്ളലിന് പുരട്ടാൻ മരുന്നുകളും നൽകി. തിരികെ സ്റ്റേഷനിലെത്തിച്ച് ദിവസവും മരുന്ന് പുരട്ടിയതോടെ രണ്ട് ദിവസത്തിനുള്ളിൽ പൊള്ളൽ മാറി. പക്ഷേ വേദന താങ്ങാനാകാതെ കൈയിലെ പ്ലാസ്റ്റർ കെട്ടുകൾ അവൾ കടിച്ചിളക്കി.

ഇന്നലെ നാഗരാജും മങ്ങാട്ടെ ആട്ടോറിക്ഷാ തൊഴിലാളിയായ ആന്റണിയും ചേർന്ന് വീണ്ടും വെറ്രറിനറി കേന്ദ്രത്തിലെത്തിച്ചു. പരിശോധനയിൽ ശസ്ത്രക്രിയയുടെ മുറിവുകൾ പഴുത്തതാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തി. വീണ്ടും ചികിത്സ നടത്തി മുറിവ് വച്ചുകെട്ടി പ്ലാസ്റ്റർ കടിച്ചിളക്കാതിരിക്കാൻ കഴുത്തിൽ കോളറുമിട്ടു. വേദന കുറഞ്ഞതോടെ കിച്ചുവിന്റെ മുഖത്ത് ആശ്വാസം തെളിഞ്ഞു. വലിയ സന്തോഷത്തോടെ ആട്ടോറിക്ഷയിൽ അവൾ തിരികെ സ്റ്റേഷനിലെത്തി.

 പൊലീസുമായി ചങ്ങാത്തം കുട്ടിക്കാലം മുതൽ

ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്റ്റേഷനിൽ എങ്ങനെയോ എത്തിപ്പെട്ടതാണ് കിച്ചു എന്ന നായ. പൊലീസുകാരിൽ ആരോ ആണ് അവൾക്ക് കിച്ചുവെന്ന പേരിട്ടതും. ഇപ്പോൾ ഒരു വയസായപ്പോഴേക്കും സ്റ്റേഷൻ വളപ്പിലെ ദിനവൃത്താന്തങ്ങളുടെ ഭാഗമായി അവൾ മാറി. കിച്ചുവിനൊപ്പം സുന്ദരി എന്ന മറ്റൊരു വളർത്തുനായയും സ്റ്റേഷനിലുണ്ട്. ഉദ്യോഗസ്ഥർ വീടുകളിൽ നിന്ന് ഇവർക്കും ഭക്ഷണപ്പൊതികൾ കൊണ്ടുവരും. ഓട്ടോറിക്ഷാ തൊഴിലാളിയായ ആന്റണി ഇടയ്ക്കിടെ കൈയിലൊരു പൊതിക്കെട്ടുമായി കിച്ചുവിനെ കാണാനെത്തും.