കൊല്ലം: കരുതലിന്റെ നുറുങ്ങുവെട്ടമാണ് കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ കിച്ചുവിന്റെ ജീവിതം. ഓർമ്മവച്ച നാൾ മുതൽ ഈസ്റ്റേഷൻ പരിസരമാണ് കിച്ചുവെന്ന നായയുടെ ലോകം. എല്ലാവർക്കും സുപരിചിത. പക്ഷേ ബൈക്കിലെത്തിയ അപകടമുന കിച്ചുവിന്റെ ജീവനെത്തന്നെ മാറ്റിമറിച്ചു.
അതിരാവിലെ റോഡരികിലൂടെ നടക്കുകയായിരുന്ന കിച്ചുവിനെ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഇടത് കൈയൊടിഞ്ഞതിനൊപ്പം സൈലൻസിറിൽ തട്ടി ശരീരത്തിന് പൊള്ളലുമേറ്റ്. വേദന സഹിച്ച് ആരുടെയും ശ്രദ്ധയിൽപ്പെടാതെ സ്റ്റേഷന്റെ ചുറ്റുവട്ടങ്ങളിൽ രണ്ട് ദിവസം കിടന്നു. പക്ഷേ മൂന്നാം ദിവസം തങ്ങളുടെ വളർത്തുനായയുടെ വേദന കാക്കിപ്പട തിരിച്ചറിഞ്ഞു. തുടർന്ന് ശസ്ത്രക്രിയയുൾപ്പെടെയുള്ള ചികിത്സയിലൂടെ കിച്ചുവിനെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചു.
രക്ഷകനായത് നാഗരാജൻ
സീനിയർ സിവിൽ പൊലീസ് ഓഫീസർ വി. നാഗരാജാണ് കിച്ചുവിനെ വാരിയെടുത്ത് തേവള്ളിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചത്. എക്സറേയിൽ ഇടത് കൈ ഓടിഞ്ഞെന്ന് കണ്ടെത്തി. അത് ശസ്ത്രക്രിയയിലൂടെ നേരെയാക്കി. പൊള്ളലിന് പുരട്ടാൻ മരുന്നും നൽകി. മരുന്ന് പുരട്ടി രണ്ട് ദിവസത്തിനുള്ളിൽ പൊള്ളൽ മാറി. പക്ഷേ വേദന സഹിക്കാനാകാതെ പ്ലാസ്റ്റർ കെട്ടുകൾ കിച്ചു കടിച്ചിളക്കി.
ഇന്നലെ നാഗരാജും മങ്ങാട്ടെ ആട്ടോറിക്ഷാതൊഴിലാളിയായ ആന്റണിയും ചേർന്ന് കിച്ചുവിനെ വീണ്ടും വെറ്രറിനറി കേന്ദ്രത്തിലെത്തിച്ചു. പരിശോധനയിൽ ശസ്ത്രക്രീയയുടെ മുറിവുകൾ പഴുത്തെന്ന് കണ്ടെത്തി. തുടർന്ന് പഴുപ്പ് നീക്കിയ ശേഷം വീണ്ടും മുറിവ് കെട്ടി. പ്ലാസ്റ്റർ കടിച്ചിളക്കാതിരിക്കാൻ കഴുത്തിൽ കോളറിട്ടു.
ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്റ്റേഷനിലെത്തിയതാണ് കിച്ചു. ഒരുവയസയുള്ള ഇവൾ ഇപ്പോൾ കിളികൊല്ലൂർ സ്റ്റേഷനിലെ കണ്ണിലുണ്ണിയാണ്. കിച്ചുവിനൊപ്പം സുന്ദരി എന്ന മറ്റൊരു നായയും സ്റ്റേഷനിലുണ്ട്. ഇവർക്കുള്ള ആഹാരം ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നാണെത്തിക്കുന്നത്. ആട്ടോറിക്ഷാ തൊഴിലാളിയായ ആന്റണി ഇടയ്ക്കിടെ കൈയിലൊരു പൊതിക്കെട്ടുമായി കിച്ചുവിനെ കാണാനെത്തുന്നുണ്ട്.