കൊവിഡ് ഫലം അറിയിക്കുന്നതിൽ അനാസ്ഥയോ?
കൊല്ലം: കൊവിഡ് പരിശോധനാ ഫലം കൈകാര്യം ചെയ്യുന്നതിലും പരിശോധനയ്ക്ക് വിധേയരായവരെ അറിയിക്കുന്നതിലും ജില്ലാ മെഡിക്കൽ ഓഫീസിന് വീഴ്ച. കൊവിഡ് പരിശോധനയിൽ നെഗറ്റീവായവരെ ഫോണിൽ വിളിച്ച് പോസിറ്റീവാണെന്ന് പറഞ്ഞ് ആശങ്കപ്പെടുത്തുന്നത് പതിവായി. ആംബുലൻസ് വരുമെന്നും ഉടൻ തയ്യാറായി നിൽക്കാനുമാണ് പറയുന്നത്. കഴിഞ്ഞ 14ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരായ മൂന്ന് പേരെയാണ് ജില്ലാ മെഡിക്കൽ ഓഫീസ് ആശങ്കയിലാക്കിയത്. 14ന് പരിശോധനയ്ക്ക് വിധേയരായി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ നെഗറ്റീവാണെന്ന് ആശുപത്രിയിൽ നിന്നറിയിച്ചു. എന്നാൽ 24ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് പള്ളിശേരിക്കൽ സ്വദേശിയെ ഫോണിൽ വിളിച്ച് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നും ആംബുലൻസ് വരുമെന്നും അറിയിച്ചു. ഇതേ നമ്പരിൽ നിന്ന് ശൂരനാട് തെക്ക് സ്വദേശികളായ രണ്ട് പേരെക്കൂടി വിളിച്ചെങ്കിലും ഫോണെടുക്കാൻ കഴിഞ്ഞില്ല. അരമണിക്കൂനികം പള്ളിശേരിക്കൽ സ്വദേശിയെ വിളിച്ച് അബദ്ധം പറ്റിയതാണെന്നും നിങ്ങൾക്ക് രോഗമില്ലെന്നും അറിയിച്ചു. ശൂരനാട് തെക്ക് സ്വദേേശികൾ തിരികെ വിളിച്ചപ്പോൾ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞൊഴിഞ്ഞു. ഇന്നലെ വൈകിട്ട് ശൂരനാട് തെക്ക് സ്വദേശിയെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് വീണ്ടും വിളിച്ച് ഫലം പോസിറ്റീവാണെന്ന് അറിയിച്ചു. താൻ 14ന് ടെസ്റ്റിന് വിധേയനായ ആളാണെന്ന് യുവാവ് പറഞ്ഞപ്പോൾ ഫോൺ വെച്ച ഉദ്യോഗസ്ഥൻ പത്ത് മിനിട്ടിന് ശേഷം വീണ്ടും വിളിച്ച് അബദ്ധം പറ്റിയതാണെന്ന് അറിയിക്കുകയായിരുന്നു.
ഫയലുകൾ കൈകാര്യം ചെയ്തതിൽ വന്ന അബദ്ധമാണിത്. ബോധപൂർവം ചെയ്യുന്നതല്ല
ജില്ലാ മെഡിക്കൽ ഓഫീസ്