കൊല്ലം: കൊവിഡ് വന്നതോടെ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വലയുകയാണ് പ്രായം ചെന്ന ആധാരമെഴുത്തുകാർ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആധാരമെഴുത്തുകാർക്ക് ക്ഷേമനിധിയിൽ നിന്ന് മൂവായിരം രൂപ ധനസഹായം അനുവദിച്ചെങ്കിലും 65 കഴിഞ്ഞവരെ പെൻഷൻ പറ്റുന്നവരെന്ന പേരിൽ ഒഴിവാക്കുകയായിരുന്നു.
ആയിരം രൂപയാണ് ആധാരമെഴുത്തുകാർക്കുള്ള ക്ഷേമനിധി പെൻഷൻ. ഇത് മരുന്ന് വാങ്ങാൻ പോലും തികയില്ല. പെൻഷൻ വാങ്ങിയാൽ പിന്നെ ആധാരമെഴുതാനുമാകില്ല. അതുകൊണ്ട് 65 പിന്നിട്ട ഭൂരിഭാഗം ആധാരം എഴുത്തുകാരും പെൻഷന് അപേക്ഷിക്കാറില്ല. കൊവിഡ് മുൻപ് ആഴ്ചയിൽ രണ്ട് ആധാരമൊക്കെ ലഭിക്കുമായിരുന്നു. ഒരു ആധാരം എഴുതുമ്പോൾ കുറഞ്ഞത് രണ്ടായിരം രൂപയെങ്കിലും കിട്ടും ഇത് കൊണ്ട് തട്ടിയും മുട്ടിയും ജീവിച്ച് പോവുകയായിരുന്നു.
കൊവിഡ് വന്നതോടെ ഇപ്പോൾ മാസത്തിൽ രണ്ട് ആധാരം പോലും ലഭിക്കുന്നില്ല. ഒരാധാരം പോലും ലഭിക്കാത്തവരുമുണ്ട്. വയോധികരായ ആധാരം എഴുത്തുകാരും വെണ്ടർമാരും കൈപ്പടക്കാരും കടുത്ത പ്രതിസന്ധിയിലാണ്. ക്ഷേമനിധി വിഹിതം കൃത്യമായി അടയ്ക്കാത്തവർക്കും നിയമത്തിൽ ഭേദഗതി വരുത്തി ലോക്ക് ഡൗൺ ആശ്വാസം നൽകി. പക്ഷെ പ്രായമായവരുടെ സങ്കടം സർക്കാർ കേൾക്കുന്നില്ല.
ലൈസൻസ് ഫീസും ഉയർത്തി
ലൈസൻസ് ഫീസും കുത്തനെ ഉയർത്തിയിരിക്കുകയാണ്. എ ഗ്രേഡ് ലൈസൻസിക്ക് മൂന്ന് വർഷത്തേക്ക് ലൈസൻസ് പുതുക്കാൻ 75 രൂപയായിരുന്നു നേരത്തെ ഫീസ്. ഇപ്പോഴത് 1,500 രൂപയായാണ് ഉയർത്തിയത്.