manro

കൊല്ലം: മൺറോത്തുരുത്തിലെ കുടിവെള്ള പൈപ്പ് ലൈൻ ചോർച്ച കണ്ടെത്താൻ നാടാകെ മണ്ണ് തോണ്ടിയിട്ടും ഫലമുണ്ടായില്ല. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പ് ലൈൻ ഏതൊക്കെ വഴിയാണ് കടന്നുപോകുന്നതെന്ന് അറിയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. പൈപ്പ് ലൈനിലെ ചോർച്ച കാരണം മൺറോത്തുരുത്തിലെ നെന്മേനി, കണ്ട്രാംകാണി മേഖലയിൽ കുടിവെള്ള വിതരണം ഒരുമാസമായി തടസപ്പെട്ടിരിക്കുകയാണ്. സാധാരണയായി പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായാൽ മുകളിലേക്ക് വെള്ളം പൊട്ടിയൊലിക്കും. എന്നാൽ ഇവിടെ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ പലയിടങ്ങളിലും വെള്ളം ചോർന്നാൽ മുകളിലേക്ക് വരാറില്ല. ചില ഭാഗങ്ങളിൽ വെള്ളത്തിനടിയിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. മറ്റ് ചിലയിടങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതിന് മുകളിലൂടെ നാലും അഞ്ചും അടി ഉയരത്തിൽ മണ്ണിട്ട് പൊക്കിയിരിക്കുകയാണ്. ഇക്കാരണങ്ങളാൽ പൈപ്പ് ലൈൻ കണ്ടെത്താൻ കൂടുതൽ ആഴത്തിൽ കുഴിക്കേണ്ട അവസ്ഥയാണുള്ളത്.

 ഇന്നലെയും ചോർച്ച കണ്ടെത്താൻ പലയിടങ്ങളിലും മണ്ണ് തോണ്ടി നോക്കി. ഒന്നും കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും ശ്രമം തുടരും.

എസ്. സന്തോഷ് കുമാർ (അസി. എക്സിക്യൂട്ടീവ് എൻജിനീയർ)

പതിറ്റാണ്ടുകളുടെ പഴക്കമുള്ള പൈപ്പുകൾ

മൺറോത്തുരുത്തിലെ പല പൈപ്പ് ലൈനുകൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏത് വഴിയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നതെന്ന് പുതുതായി എത്തുന്ന ഉദ്യോഗസ്ഥർക്ക് അറിയില്ല. നിലവിലുള്ള പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നും നടക്കാറില്ല.

150 ഓളം കുടുംബങ്ങൾ പ്രതിസന്ധിയിൽ

നെന്മേനി, കണ്ട്രാംകാണി മേഖലയിലെ 150ഓളം കുടുംബങ്ങൾ കിലോമീറ്ററുകൾ നടന്ന് തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. ചിലർ അഞ്ഞൂറ് രൂപയോളം നൽകിയാണ് ഓരോ ദിവസവും കുടിവെള്ളം വാങ്ങുന്നത്. പട്ടംതുരുത്തിലെ കുഴൽക്കിണറിൽ നിന്ന് ഇവിടേക്കുള്ള പൈപ്പ് ലൈനിലാണ് ചോർച്ചയുള്ളത്.