പത്തിലൊന്ന് രോഗികൾ പോലും എത്തുന്നില്ല
കൊല്ലം: കൊവിഡിനെ ഭയന്ന് മറ്റ് രോഗികൾ ആശുപത്രികളിലെത്താത്തതിനാൽ മെഡിക്കൽ കോളേജുൾപ്പെടെ സർക്കാർ - സ്വകാര്യ ആശുപത്രികൾ വിജനമായി. കൊവിഡ് ആശുപത്രികളായ പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളൊഴിച്ചാൽ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികൾ, ഒ.പി, ഐ.പി സൗകര്യങ്ങളുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പ്രധാന സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ കൊവിഡിന് മുമ്പുണ്ടായിരുന്നതിന്റെ പത്തിലൊന്ന് രോഗികൾ പോലുമില്ല. പ്രസവം, ഹൃദ്രോഗം, അപകടങ്ങൾ തുടങ്ങി അടിയന്തര ഘട്ടത്തിലല്ലാതെ ആരും ആശുപത്രികളെ സമീപിക്കാൻ തയ്യാറാകാത്ത സാഹചര്യമാണുള്ളത്.
സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപിച്ചതിന് പുറമേ ഉറവിടമറിയാത്ത കൊവിഡ് കേസുകളും മരണനിരക്കും കൂടിയതാണ് ആളുകളെ ഭയപ്പെടുത്തുന്നത്.
മാർച്ചിൽ കൊവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുമ്പ് വരെ സ്പെഷ്യാലിറ്റി ഒ.പികളിലും ജനറൽ മെഡിസിൻ വിഭാഗങ്ങളിലും നൂറ് കണക്കിന് രോഗികൾ വന്നുപോയിരുന്ന ആശുപത്രികളിൽ ഇപ്പോൾ വിരലിലെണ്ണാവുന്നവരാണ് എത്തുന്നത്. കൊവിഡ് ആശുപത്രിയാക്കി മാറ്റിയതിനാൽ കൊല്ലം ജില്ലാ ആശുപത്രിയിലെ കീമോ, ഡയാലിസിസ്, കാത്ത് ലാബ് എന്നിവയൊഴികെ സ്പെഷ്യാലിറ്റി ഒ.പി കളെല്ലാം നിറുത്തി.
ജില്ലയുടെ മിക്ക ഭാഗങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നതും യാത്രാ നിയന്ത്രണവും രോഗികളുടെ വരവ് കുറച്ച മറ്ര് ഘടകങ്ങളാണ്. രോഗികളുടെ വരവ് കുറഞ്ഞതോടെ പല ആശുപത്രികളിലും സ്പെഷ്യാലിറ്റി വിഭാഗത്തിന്റെ സേവനം നിറുത്തി.
സാംക്രമിക രോഗങ്ങളും കുറഞ്ഞു
കാലവർഷക്കാലം എലിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ മഴക്കാലരോഗങ്ങളുടെ സീസണാണ്. എന്നാൽ ഇത്തവണ മഴ കുറവായതും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പകർച്ചപ്പനികളുടെ തോത് കുറയ്ക്കാൻ ഇടയാക്കി.
കൊവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ പനിപോലുള്ള പകർച്ചവ്യാധികൾ അവർക്കിടയിൽ നന്നെ കുറഞ്ഞതായി പീഡിയാട്രിഷ്യനായ ഡോ. പത്മകുമാർ പറഞ്ഞു. കുട്ടികളും മുതിർന്നവരും മാസ്ക് ശീലമാക്കിയത് ശ്വാസകോശ രോഗങ്ങൾ കുറച്ചു.
കൊല്ലം ജില്ലാ ആശുപത്രി
കൊവിഡിന് മുമ്പുള്ള ഒ.പി: 1,800
ഇന്നലത്തെ ഒ.പി: 137
ജില്ലയിലെ പ്രധാന ആശുപത്രികൾ: 120
''
കൊവിഡിന് ശേഷം ആശുപത്രികളിലും പ്രൈവറ്റ് പ്രാക്ടീസ് കേന്ദ്രങ്ങളിലും രോഗികളുടെ വരവ് നന്നെ കുറവാണ്. ലോക്ക് ഡൗണിനെ തുടർന്നുള്ള യാത്രാ നിയന്ത്രണം, കണ്ടെയ്ൻമെന്റ് സോണുകളുടെയും കൊവിഡിന്റെയും വർദ്ധന, ആശുപത്രികളിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും രോഗം വ്യാപിച്ച സാഹചര്യം തുടങ്ങിയ കാരണങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗികളുടെ വരവ് കുറച്ചു.
ഡോ.വി. അനിൽകുമാർ, കൊല്ലം