
ശക്തികുളങ്ങര ഫിഷ് പ്രോസസിംഗ് സെന്റർ കയറ്റുമതിക്കൊരുങ്ങുന്നു
കൊല്ലം: തീരദേശ വികസന കോർപ്പറേഷന്റെ ശക്തികുളങ്ങരയിലെ ഫിഷ് പ്രോസസിംഗ് സെന്റർ കയറ്റുമതിക്കൊരുങ്ങുന്നു. തായ്‌ലൻഡിലേക്ക് ഉണക്ക നെത്തോലി കയറ്റി അയയ്ക്കാൻ ധാരണയായിട്ടുണ്ട്. വിവിധയിനം മത്സ്യങ്ങൾ കയറ്റി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായും ചർച്ച നടക്കുകയാണ്.
മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ നിന്നാണ് കയറ്റുമതിക്കുള്ള അനുമതി ലഭിക്കേണ്ടത്. ഇതിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. അടുത്തിടെ അതോറിറ്റി പ്രതിനിധികൾ പ്ലാന്റ് സന്ദർശിച്ചിരുന്നു. വൈകാതെ ലൈസൻസ് അനുവദിച്ചേക്കും. ആദ്യം മൂന്ന് വർഷത്തേക്കാകും ലൈസൻസ് അനുവദിക്കുക. പിന്നീട് നീട്ടി നൽകും. ആദ്യഘട്ടത്തിൽ ഉണക്കമത്സ്യം മാത്രമാകും കയറ്റി അയയ്ക്കുക.
2005ൽ ചെറിയ നിലയിലാണ് ശക്തികുളങ്ങരയിലെ ഫിഷ് പ്രോസസിംഗ് സെന്റർ തുടങ്ങിയത്. ഉണക്ക മത്സ്യത്തിന് പുറമേ റെഡി ടു കുക്ക്, റെഡി ടു ഈറ്റ് പാകത്തിലും വിവിധയിനം മൂല്യവർദ്ധിത ഉല്പന്നങ്ങളും ഇവിടെ വിൽക്കുന്നുണ്ട്. നിലവിൽ പൂർണമായും ആഭ്യന്തര വിപണിയിലായിരുന്നു കച്ചവടം. എറുണാകുളത്തെ കയറ്റുമതി ഏജൻസികൾ ശക്തികുളങ്ങരയിലെ പ്രോസസിംഗ് സെന്ററിൽ ഉണക്ക മത്സ്യം കയറ്റുമതിക്കായി വാങ്ങുന്നുണ്ട്.
പൂർണമായും യന്ത്രവത്കൃതം
ഹാർബറുകളിൽ നിന്ന് മത്സ്യം ഉണക്കമീൻ നിർമ്മാണത്തിന് ശക്തികുളങ്ങര ഫിഷ് പ്രോസസിംഗ് സെന്ററിലെത്തിച്ചാൽ പിന്നീട് ആരും കൈ കൊണ്ട് തൊടില്ല. സംസ്കരണം പൂർണമായും യന്ത്രവത്കൃതമാണ്. ഒരു ഷിഫ്ടിൽ 600 കിലോ മത്സ്യം സംസ്കരിക്കും. കയറ്റുമതി ആരംഭിക്കുന്നതോടെ നാല് ഷിഫ്ട് പ്രവർത്തിക്കും. കയറ്റുമതി ആരംഭിക്കുന്നതോടെ സെന്ററിന്റെ ലാഭം ഇരട്ടിയാകും.
ചൈനയുടെ ഉടക്കിൽ ചെമ്മീൻ കരാർ പാളി
സെന്ററിൽ നിന്ന് നൽകിയ ഉണക്ക ചെമ്മീന്റെ സാമ്പിൾ ചൈനയിലെ മത്സ്യ ഇറക്കുമതിക്കാർക്ക് ഇഷ്ടപ്പെട്ടിരുന്നു. കരാറിന്റെ വക്കിലെത്തിയപ്പോഴാണ് അതിർത്തിയിൽ പ്രശ്നമുണ്ടായത്. ഇനി അടുത്തകാലത്തെങ്ങും ചൈനയുമായുള്ള ഇടപാട് നടക്കുന്ന ലക്ഷണമില്ല.
''
ശക്തികുളങ്ങര ഫിഷ് പ്രോസസിംഗ് സെന്ററിന് വൈകാതെ തന്നെ കയറ്റുമതി ലൈസൻസ് ലഭിക്കും. വിവിധ രാജ്യങ്ങളുമായി കയറ്റുമതി ഇടപാട് സംബന്ധിച്ച് ചർച്ച നടക്കുകയാണ്.
ഷേഖ് പരീത്
തീരദേശ വികസന കോർപ്പറേഷൻ ചെയർമാൻ