കൊല്ലം: ദുരന്ത സമാനമായ ദുരിതങ്ങളിലൂടെയാണ് നാട് മുന്നോട്ട് പോകുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ ഭൂരിഭാഗം പ്രദേശങ്ങളും ലോക്ഡൗണിന് സമാനമാണ്. ശമ്പളക്കാരല്ലാത്തവർക്ക് ജീവിതം വഴിമുട്ടി. സാധാരണക്കാരന്റെ അടുപ്പ് എരിയുന്നത് ഒരുനേരമായി ചുരുങ്ങി. ഇനിയെന്ന് എന്ന ചോദ്യമാണ് എല്ലാവരുടെയും മുന്നിൽ.
പൂ വിൽപന കേന്ദ്രങ്ങൾ പൂട്ടി
ക്ഷേത്രങ്ങൾ തുറക്കാതായതോടെ പൂക്കടകൾ കൊണ്ട് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിനാളുകളാണ് പട്ടിണിയിലായത്. ഈ മേഖലയിൽ സ്ത്രീകൾ മാത്രം 3000 ത്തിലേറെയുണ്ട്. പുരുഷന്മാരായ വിൽപനക്കാരും തമിഴ്‌നാട്ടിൽ നിന്നും ബംഗളൂരുവിൽ നിന്നും പൂവും ഇലയും തുളസിയുമെല്ലാം എത്തിക്കുന്ന വണ്ടിക്കാരും പതിനായിരത്തിലേറെ വരും. ഇവർക്കെല്ലാം പണിയും വരുമാനവുമില്ലാതായിട്ട് അഞ്ചുമാസമായി. 75 ശതമാനം പേരും അർദ്ധ പട്ടിണിയിലാണ്.
പൂട്ടിലായി തടിമില്ലുകളും
തടിമില്ലുകളും പൊടിപ്പുമില്ലുകളുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരും പട്ടിണിയിൽ തന്നെ. തടിയറുപ്പ് നിലച്ചു. ജനം പുറത്തിറങ്ങാൻ മടിക്കുന്നതിനാൽ പൊടിപ്പുമില്ലുകളും അടഞ്ഞു. ഇവിടുത്തെ ജീവനക്കാർക്ക് കൂലിപ്പണിക്കുപോലും പോകാനാകുന്നില്ല. വർഷങ്ങളായി ഈ പണികൾ മാത്രം ചെയ്ത് ശീലിച്ചതിനാലാണിത്. ജനങ്ങൾ മില്ലുകളിൽ എത്താൻ കൊവിഡ് പേടിയിൽ മടിക്കുകയാണ്.
കാറും ആട്ടോയും വിളിക്കാതായി
ജനം പുറത്തിറങ്ങാതായതോടെ കാറും ആട്ടോയും ഓടിച്ച് ഉപജീവനം കഴിഞ്ഞിരുന്നവരുടെ ഗതി പറഞ്ഞറിയിക്കാനാകാത്തതാണ്. മാസങ്ങളായി ഓടാത്ത ടാക്‌സികളും ആട്ടോകളുമുണ്ട്. ചിലർ വീടുകഴിയാൻ മറ്റ് മേഖലകൾ തേടിപ്പോയി. വണ്ടികൾ വീട്ടിലിട്ടശേഷം കൂലിപ്പണിക്ക് ഇറങ്ങിയവരും ഏറെയുണ്ട്. ജില്ലയിൽ കാറും ആട്ടോയും ഓടിച്ച് ജീവിക്കുന്നവർ 25,000 ലേറെയുണ്ട്. ചരക്കുവാഹനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മത്സ്യബന്ധനവും വിപണനവും നിരോധിച്ച് പെട്ടിഓട്ടോ അടക്കമുള്ള വാഹനം ഉപയോഗിച്ച് ജീവിച്ചിരുന്നവർക്കും ഇരുട്ടടിയായി. മത്സ്യബന്ധനമേഖല അപ്പാടെ നിലച്ചത് അനുബന്ധമേഖലകളെ പിടിച്ചുകെട്ടിയപോലെ പ്രതിസന്ധിയിലാഴ്ത്തി.
തകർന്നുവീണ് തട്ടുകടകൾ
ചൂട് മാറാത്ത ഭക്ഷണം വിളമ്പിയിരുന്ന തട്ടുകടക്കാരുടെ ജീവിതം ഇന്ന് പട്ടിണിയിൽ ചുട്ടുപൊള്ളുകയാണ്. പതിനായിരത്തിലേറെ വഴിയോര തട്ടുകടകളാണ് ജില്ലയിലുള്ളത്. ഇതിനെ ആശ്രയിച്ച് കഴിയുന്ന ജോലിക്കാർ ഇതിന്റെ മുന്നോ നാലോ ഇരട്ടിയും വരും. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്തിടത്തുപോലും ഇപ്പോൾ കാര്യമായി തട്ടുകടകൾ പ്രവർത്തിക്കുന്നില്ല. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.