കൊല്ലം: തഴവ പഞ്ചായത്തിലെ കടത്തൂരിൽ രണ്ട് കുടുംബങ്ങളിൽപ്പെട്ട ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കച്ചവടക്കാരന്റെ സമ്പ‌ർക്ക പട്ടികയിൽപ്പെട്ടവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഏഴുപേരിൽ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി.തഴവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കടത്തൂരിലെ കച്ചവടക്കാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ട 93 പേരെയാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കിയത്. കച്ചവടക്കാരൻ ഇവരിൽ ഒരുകുടുംബത്തിന്റെ കടയുമായി സമ്പർക്കം പുലർത്തിയിരുന്നു. അടുത്തടുത്ത കുടുംബങ്ങളിൽപ്പെട്ട ഇരുവീട്ടുകാരും കടയുമായി നിരന്തരം സമ്പർക്കമുണ്ടായിരുന്നവരാണ്. സമ്പർക്ക വ്യാപനമാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചതോടെ കടത്തൂർ വാർഡിനെ തീവ്രരോഗവ്യാപനമേഖലയാക്കി പ്രദേശം പൂർണമായും അടച്ചു. കൂടാതെ സമീപവാർഡുകളായ 18,​19,​21,22 വാർഡുകളും അതീവ ജാഗ്രതാ പ്രദേശങ്ങളുടെ പട്ടികയിലാക്കി. ഇവിടങ്ങളിലും കടകളുടെ പ്രവർത്തനത്തിന് നിയന്ത്രണമേർപ്പെടുത്തി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിന്റെ സമ്പർക്കപ്പട്ടികയും വിപുലമാണ്. ഇതിൽ ഒരു കുടുംബത്തിലംഗമായ യുവാവ് തഴവയിലെ സർവീസ് സഹകരണ ബാങ്കിൽ സെയിൽസ് മാനാണ്. ഇയാൾ കഴിഞ്ഞ ദിവസംവരെ ബാങ്കിൽ ജോലിക്കെത്തിയിരുന്നു. ബാങ്ക് ജീവനക്കാരുമായും തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവറുമായും അടുത്തിടപഴകിയതിനാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബാങ്ക് ജീവനക്കാർക്കും ഇയാളുടെ സമ്പർക്കപ്പട്ടികയിൽ വന്ന മറ്റുള്ളവർക്കും മുന്നറിയിപ്പ് നൽകി. ബാങ്കിൽ അണുനശീകരണവും ബാങ്ക് ജീവനക്കാരുടെ സ്രവപരിശോധനയ്ക്കുള്ള നടപടികളും ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി സി.ജനചന്ദ്രൻ അറിയിച്ചു.