അഞ്ചൽ: മേഖലയിൽ ആരോഗ്യവകുപ്പിന്റെ അനാസ്ഥ കാരമം കൊവിഡ് പ്രതിരോധ പ്രവർത്തനം താളംതെറ്റുന്നതായി ആക്ഷേപം. പൊലീസും ത്രിതല പഞ്ചായത്തുകളും കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവയ്ക്കുമ്പോഴാണ് ആരോഗ്യവകുപ്പിനെതിരെ വ്യാപകമായി പരാതി ഉയരുന്നത്. കൊവിഡ് പരിശോധന നടത്തുന്നതിലും പരിശോധനാ ഫലം അറിയിക്കുന്നതിലും അഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ അധികൃതർ കാര്യമായ ഇടപെടൽ നടത്തുന്നില്ല. ഈ മേഖലയിൽ എത്രപേർ ക്വാറന്റൈനിൽ കഴിയുന്നുവെന്നോ എത്രപേർക്ക് രോഗം ബാധിച്ചുവെന്നോ വ്യക്തമായ കണക്കുപോലും ആരോഗ്യവകുപ്പിന്റെ പക്കലില്ല. ഇടമുളയ്ക്കൽ പഞ്ചായത്തിലെ പാലമുക്കിൽ ക്വാറന്റൈൻ കഴിഞ്ഞയൾ പുറത്തിറങ്ങി സഞ്ചരിച്ചിട്ടും ആരോഗ്യവകുപ്പ് അറിഞ്ഞില്ല. ഇയാൾക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. കൊവിഡ് ടെസ്റ്റ് നടത്തി മൂന്നാഴ്ച പിന്നിട്ടിട്ടും അസുഖം ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നുപോലും അറിയിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. കൊവിഡ് പ്രവർത്തനത്തിൽ നിസംഗത പുലർത്തുന്ന തടിക്കാട് ഗവ. ആശുപത്രി ഡോക്ടർക്ക് എതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് ആരോഗ്യ മന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.എം.ഒ.യെ വിളിച്ചാൽ പോലും കിട്ടുന്നില്ലെന്നാണ് ജനപ്രതിനിധികൾ പോലും പറയുന്നത്. രണ്ട് ദിവസം മുമ്പ് ഒരു കൊവിഡ് രോഗിയെ സംബന്ധിച്ച് വിവരം ധരിപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പലതവണ ഡി.എം.ഒ.യെ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ തയ്യാറിയില്ലെന്നും പരാതിയുണ്ട്. പിന്നീട് ബ്ലോക്ക് പ്രസിഡന്റ് വിവരം ജില്ലാ കളക്ടറെ ധരിപ്പിക്കുകയായിരുന്നു. ഇതിനിടെ ആയൂരിൽ 120 കിടക്കകളോടെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിച്ചു. ഒരു ഡോക്ടറുടെയും 21 ജീവനക്കാരുടെയും സേവനങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.