കൊല്ലം: ബ്ളോക്ക് പഞ്ചായത്തിലൊരുക്കിയ ആഡിറ്റോറിയത്തിനും പുരസ്കാരത്തിന്റെ ശോഭ. മികച്ച പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം മങ്ങാതെ നിലനിർത്താൻ ഫലപ്രദമായി ഉപയോഗിച്ചതാണ് ഭരണസമിതിയുടെ മികവ്. പ്രവർത്തന മികവിന് 2015-16 വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്കാരം കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിന് ലഭിച്ചിരുന്നു. അന്ന് ഇരുപത്തഞ്ച് ലക്ഷം രൂപയാണ് ലഭിച്ചത്. അടുത്ത വർഷം രണ്ടാം സ്ഥാനത്തെത്തിയപ്പോഴും പത്ത് ലക്ഷം രൂപ പുരസ്കാര തുകയായി കിട്ടി. മികച്ച ബ്ളോക്ക് പഞ്ചായത്തിനുള്ള കേന്ദ്ര സർക്കാരിന്റെ സശാക്തീകരണ അവാർഡിന്റേതായി ഇരുപത്തഞ്ച് ലക്ഷം രൂപ പിന്നെയും ലഭിച്ചു. മൂന്ന് പുരസ്കാര തുകയും മുപ്പത് ലക്ഷം രൂപ പദ്ധതി വിഹിതവും ചേർത്തപ്പോഴാണ് മനോഹരമായ രണ്ട് നില കെട്ടിടം പൂർത്തിയായത്.
ആഡിറ്റോറിയവും പരിശീലന ഹാളും
മുന്നൂറ് പേർക്ക് ഇരിക്കാവുന്ന മനോഹരമായ ആഡിറ്റോറിയമാണ് താഴെ നിലയിൽ സജ്ജമാക്കിയത്.പൊതു പരിപാടികൾക്കും സ്വകാര്യ ചടങ്ങുകൾക്കും ഉപകരിക്കുംവിധമാണ് ആഡിറ്റോറിയം തയ്യാറാക്കിയിരിക്കുന്നത്. മുകളിലത്തെ നില പരിശീലന ഹാളിന് വേണ്ടി മാറ്റുകയാണ്.
മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും
സ്വരാജ് പുരസ്കാര ആഡിറ്റോറിയത്തിന്റെയും പരിശീലന ഹാളിന്റെയും ഉദ്ഘാടനം ഇന്ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. വൈകിട്ട് 3ന് വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രി ഉദ്ഘാടനം നടത്തുക. പി.ഐഷാപോറ്റി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാർ, എസ്.സി, എസ്.ടി കോർപ്പറേഷൻ ചെയർമാൻ ബി.രാഘവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈലാ സലിംലാൽ, അബ്ദുൾ റഹ്മാൻ, ഹംസ റാവുന്നർ, അംബിക സുരേന്ദ്രൻ, കെ.പി.ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.പുഷ്പാനന്ദൻ, കെ.ജഗദമ്മ, നഗരസഭ വൈസ് ചെയർമാൻ ഡി.രാമകൃഷ്ണ പിള്ള, ഷീബാ സുരേഷ്, എൽ.ബാലഗോപാൽ, കെ.സുമ, ആർ.വേണുഗോപാൽ, സെക്രട്ടറി എസ്.അജയ് രാജ് എന്നിവർ സംസാരിക്കും.
ഫലപ്രദമായി വിനിയോഗിയ്ക്കാൻ കഴിഞ്ഞു : എസ്.ശശികുമാർ( പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത്)
കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് വികസന കാഴ്ചപ്പാടോടുകൂടിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തി. ഇതിന്റെ അംഗീകാരമായി ലഭിച്ച അവാർഡ് തുക ആഡിറ്റോറിയവും പരിശീലന ഹാളും നിർമ്മിക്കാൻ തീരുമാനിച്ചു. ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞതിലൂടെ എല്ലാക്കാലവും ഈ അംഗീകാരം ഓർമ്മിക്കപ്പെടും. ഒപ്പം പൊതുപരിപാടികൾക്ക് ഉൾപ്പടെ ഉപയോഗിക്കാൻ കഴിയുന്ന ഇടവുമായി.